മനോഹര കാഴ്‍ചകളൊരുക്കി മാൻകുത്തിമേട്
പ്രകൃതിയുടെ മടിയിൽ മറഞ്ഞൊരു സ്വർഗം

മാൻകുത്തിമേട്ടിൽനിന്നുള്ള തമിഴ്നാടിന്റെ ദൃശ്യം
രാജാക്കാട്
ഹൈറേഞ്ചിന്റെ പച്ചപ്പും സഹ്യപർവത മലനിരകളുടെ മനോഹാരിതയും ഒത്തുചേരുന്ന മാൻകുത്തിമേട് വിനോദസഞ്ചാര ഭൂപടത്തിലേക്ക് പതിയെ നടന്നുകയറുകയാണ്. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശം പ്രകൃതിയുടെ ശുദ്ധസൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതുല്യമായ അനുഭവം സമ്മാനിക്കുന്നു. മലമുകളിലെ കാഴ്‍ചകളായ മഞ്ഞുമൂടിയ മലനിരകളും പച്ചപുതച്ച തേയിലത്തോട്ടങ്ങളും ഒപ്പം കുളിര്‍കാറ്റും സന്ദർശകര്‍ക്ക് വിസ്‍മയമാണ്. സൂര്യോദയ, അസ്‍തമയങ്ങള്‍ ആസ്വദിക്കാൻ ദിവസവും നിരവധി പേരാണെത്തുന്നത്. സമീപത്തെ “പാണ്ടിക്കാട്” വനമേഖല പ്രകൃതിയുടെ വൈവിധ്യം കൂടുതൽ മനോഹരമാക്കുന്നു. ട്രക്കിങ് പ്രേമികൾക്ക് മാൻകുത്തിമേട് ഏറെ പ്രിയപ്പെട്ടയിടമാണ്. ഒറ്റയടി പാതകളിലൂടെ മലമുകളിലേക്കുള്ള യാത്ര സാഹസികതയും ആനന്ദവും ഒരുമിച്ച് നൽകുന്നു. കുടുംബസമേതവും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവഴിക്കാൻ ഏറെ അനുയോജ്യമാണിവിടം. തമിഴ്‌നാട് ഭാഗങ്ങളായ തേവാരം, മീനാക്ഷിപുരം, കമ്പം എന്നിവയുടെ ദൂരക്കാഴ്ചകളും ആസ്വദിക്കാം. 24 മണിക്കൂറും കാറ്റ് ലഭിക്കുന്നതും നട്ടുച്ചയ്‍ക്കും ചൂട് കുറവുള്ളതും മാകുത്തിമേടിന്റെ പ്രത്യേകതയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വികസനത്തിന് തടസ്സമാകുന്നുണ്ട്. റോഡ്, സുരക്ഷാ സംവിധാനങ്ങൾ, മാലിന്യ നിയന്ത്രണം എന്നിവയിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്. തേവാരം–മെട്ട് റോഡ് തുറന്നാൽ ടൂറിസം വികസന സാധ്യതയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് ഇവിടെ ആവശ്യം. സന്ദർശകർ പരിസരം ശുചിയായി സൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകുകയും വേണം.










0 comments