ഹര്‍ത്താല്‍ ഭാഗികം

കമ്പംമെട്ടിൽ ഹർത്താൽ അനുകൂലികൾ വാഹനം തടയുന്നു

സ്വന്തം ലേഖകൻ
Published on Apr 29, 2026, 12:15 AM | 1 min read
ഇടുക്കി
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിധിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിധിൻ രാജ് ആക്ഷൻ കൗണ്‍സില്‍ ആഹ്വാനംചെയ്‍ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. ഭൂരിഭാഗം മേഖലകളും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു. വിനോദസഞ്ചാര മേഖലയായ മൂന്നാര്‍ സജീവമായി. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു. അടിമാലി ടൗണില്‍ രാവിലെ ചില സ്വകാര്യവാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. കടകള്‍ ഭൂരിഭാഗവും തുറന്നുപ്രവര്‍ത്തിച്ചു. കട്ടപ്പനയിലും തൊടുപുഴയിലും സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. കട്ടപ്പനയില്‍ ബെവ്‍കോ ഔട്ട്‍ലെറ്റും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും അടപ്പിച്ചു. കടകള്‍ തുറന്നില്ല. വൈകട്ടോടെ ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു. തൊടുപുഴയില്‍ വാഹനം തടയാനെത്തിയ സമരാനുകൂലികളുടെ വാഹനം നാട്ടുകാരൻ തടഞ്ഞു. നഗരത്തില്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളെടുത്തു. സമരാനുകൂലികളായ 22 പേരെ അറസ്റ്റ് ചെയ്‍ത് ജാമ്യത്തില്‍ വിട്ടെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. തോട്ടം മേഖലകളും സജീവമായിരുന്നു. മുണ്ടക്കയം ഈസ്റ്റ് ടി ആർ ആൻഡ് ടി, ടൈഫോർഡ്, ഹെലിബറിയ, പുള്ളിക്കാനം, മലങ്കര ടി കമ്പനി, പശുപ്പാറ തുടങ്ങിയ തോട്ടങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. വിവിധ ധനകാര്യ, സഹകരണ സ്ഥാപനങ്ങളും ദേശസാൽകൃത സ്ഥാപനങ്ങളും തുറന്നു. വാഗമൺ, ഏലപ്പാറ, 35ാം മൈല്‍ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭക്ഷണവും മറ്റു സാധനങ്ങളും ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ജില്ലയില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂരമടക്കമുള്ള സര്‍വീസുകള്‍ മുടങ്ങിയില്ല. തൊടുപുഴയില്‍നിന്ന് 50 സര്‍വീസും പുറപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങാത്തതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍പേരും ജോലിക്കെത്തി. വോട്ടെണ്ണല്‍ ബന്ധപ്പെട്ട പരിശീലനമടക്കമുള്ള ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു.









0 comments