ലയത്തിനുമുകളിൽ മരംവീണു

പെരുവന്താനത്ത് തോട്ടം ലയത്തിന് മുകളിലേക്ക് പുളിമരം വീണനിലയിൽ
ഏലപ്പാറ
മുണ്ടക്കയം ഈസ്റ്റ് ടീ ആർ ആൻഡ് ടീ റബർ തോട്ടത്തിൽ തൊഴിലാളി ലയത്തിന്റെ മുകളിലേയ്ക്ക് മരം കടപുഴകി ലയം തകർന്നു. തോട്ടത്തിലെ ഇ ഡി കെ ഡിവിഷനിലാണ് സംഭവം. തൊഴിലാളികൾക്ക് അർക്കും പരിക്കില്ല. പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും ഇടിയോട്കൂടിയ മഴയുമാണ്. തോട്ടത്തിലെ ലയങ്ങൾ ഭൂരിഭാഗവും കാലപഴക്കംകൊണ്ട് ജീർണതയിലാണ്. തൊഴിലാളികൾ ലയങ്ങളിൽ താമസിക്കുന്നത് മരണഭീതിയോടെയാണ്. വാസയോഗ്യമായ താമസം സൗകര്യമൊരുക്കുന്ന കാര്യത്തിൽ തോട്ടം ഉടമ രാമകൃഷ്ണശർമ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മുന്നു കുടുംബങ്ങളിലായി അഞ്ച് പേരാണ് താമസിക്കുന്നത്. ശക്തമായ കാറ്റ് ആഞ്ഞടിച്ച ഉടൻ വീട്ടുകാർ പുറത്തിറങ്ങിയതിനാൽ അളപായമുണ്ടായില്ല. അങ്കണവാടിയും ഈ ലയത്തിന്റെ ഒരു മുറിയിലാണ് പ്രവർത്തിക്കുന്നത്. തൊഴിലാളികൾ നേരിടുന്ന അവസ്ഥ ചൂണ്ടികാട്ടി എച്ച്ഇഇഎ(സിഐടി യു) നേതാക്കൾ നിരവധി പ്രാവശ്യം തോട്ടം മാനേജ്മെന്റിനെ നേരിൽകണ്ട് സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനിടയിൽ വന്യമൃഗഭീഷണിയും രൂക്ഷമാണ്. തോട്ടത്തിൽ കാടും പടർപ്പ് വളർന്നു. ഇത് മറ്റൊരു ഭീഷണിയായി നിലനിൽക്കുന്നു. മരം വീണ് ലയം തകർന്ന സ്ഥലത്ത് എച്ച്ഇഇഎ– സിഐടിയു ജനറൽ സെക്രട്ടറി കെ ടി ബിനു, വൈസ് പ്രസിഡന്റ് എം സി സുരേഷ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം പ്രഭാ ബാബു, സിപിഐ എം മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സെക്രട്ടറി റെഡ്ഡി തോമസ്, പഞ്ചായത്തംഗം പി ആർ ബിജുമോൻ എന്നിവർ സന്ദർശിച്ചു. കേരളത്തിൽ ഭരണസ്തംഭനത്തെ തുടർന്നു അധികൃതർ ആരും ഇങ്ങോട്ടേയ്‌ക്ക് എത്താത്തതിൽ ജനരോക്ഷമിരന്പി.










0 comments