കർഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരെ
ജനകീയ പ്രതിരോധം

ചുരുളിപ്പതാൽ ആക്ഷൻ കൗൺസിൽ രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
ചെറുതോണി
കഞ്ഞിക്കുഴിയിലെ കർഷകരുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന വനംവകുപ്പിന്റെ നീക്കത്തിനെതിരെ സാഫ് സംഘടനയുടെ പിന്തുണയോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ചുരുളി പതാൽ യുവധാര ക്ലബ് ഹാളിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ജൂലെെ 13 ന് നഗരം പാറ വനംറേഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്താനും വനംവകുപ്പ് കൈയേറിയ കൃഷിഭൂമി പിടിച്ചെടുക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ഇടുക്കി പദ്ധതിക്കായി, ഇരട്ടയാർ, അയ്യപ്പൻ കോവിലിൽനിന്നും കുടി ഇറക്കി, ചുരുളി പതാലിൽ, കുടിയിരുത്തിയ 55 കുടുംബങ്ങളുടെ കൃഷി ഭൂമി വന്യമൃഗ സംരക്ഷണം എന്ന പേരിൽ വനം വകുപ്പ് കൈയേറാൻ ശ്രമിക്കുന്നത്. ഇടത്തട്ട്, മലയെണ്ണമല പ്രദേശങ്ങളിൽ കർഷകരെ ദ്രോഹിക്കുന്ന വനം വകുപ്പിന്റെ നടപടിക്കെതിരെ സമരരംഗത്തുള്ള സാഫ് സംഘടനയുടെ പിന്തുണയോടെയാണ് ആക്ഷൻ കൗൺസിൽ രൂപികരിച്ചത്. വനം ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്ന പ്രദേശത്തെ യുവാക്കൾക്കെതിരെ കള്ളകേസെടുക്കുന്നതും വനംവകുപ്പിന്റെ അതിക്രമങ്ങളും പ്രദേശവാസികൾ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിനെ അറിയിച്ചു. വനംവകുപ്പിനെ സമാന്തര സർക്കാരാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ പിന്തുണയോടെയുള്ള നീക്കം ചെറുക്കുമെന്നും ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസും നേതാക്കളും ജനങ്ങൾക്ക് ഉറപ്പുനൽകി. കാട്ടാന തകർത്ത വീടുകളും നേതാക്കൾ സന്ദർശിച്ചു. ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ വാർഡംഗം സന്ധ്യ രാജേഷ് അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. റ്റിജോ പി ജോയി, അബ്ദുൾ അസിസ്, സി വി വിജയകുമാർ എന്നിവർ സംസാരിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസ് കൺവീനറായും സാഫ് ജില്ലാ പ്രസിഡന്റ് സിബി ആർക്കാട്ട് ചെയർമാൻ 21 അംഗ കമ്മിറ്റിയെയും രൂപീകരിച്ചു. തുടർന്ന് ബഹുജന പ്രക്ഷോഭ പരിപാടികൾക്ക് ആക്ഷൻകൗൺസിൽ നേതൃത്വം നൽകാനും തീരുമാനിച്ചു.










0 comments