ad
Deshabhimani

പ്രേംനസീറിനോട് യാത്ര പറഞ്ഞ്
പോയത് മരണത്തിലേക്ക്

jayan

ജയൻ ഹെലികോപ്‍റ്ററിന്റെ ലാൻഡിങ് പാഡിൽ പിടിച്ചുകയറുന്നു 
(ഫയൽചിത്രം)

avatar
കെ എ അബ്ദുൾ റസാഖ്

Published on Nov 16, 2025, 12:15 AM | 1 min read

കുമളി

അനശ്വര നടൻ ജയൻ കാലയവനികയ്‍ക്കുള്ളില്‍ മറഞ്ഞിട്ട് ഞായറാഴ്‍ച 45 വര്‍ഷം പൂർത്തിയാകുന്നു. പീരുമേട്ടിലെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് പ്രേംനസീറിനോട് യാത്ര പറഞ്ഞുപോയ ജയൻ ആരാധകലക്ഷങ്ങളെ കണ്ണീരിലാഴ്‍ത്തി ലോകത്തോട് വിടപറഞ്ഞു. "അറിയപ്പെടാത്ത രഹസ്യം' സിനിമയുടെ അവസാനഘട്ട ചിത്രീകരണം പീരുമേട്ടിലും പരിസരങ്ങളിലും പുരോഗമിക്കവെയാണ് "കോളിളക്കം' ക്ലൈമാക്‍സ് ചിത്രീകരണത്തിനായി ജയൻ ചെന്നൈയിലേക്ക് പോയത്. പ്രേംനസീർ സ്നേഹപൂർവം പറഞ്ഞു "ജയാ, പോകുന്നതിൽ വിരോധമില്ല. പക്ഷേ ഹെലികോപ്റ്ററിലുള്ള സംഘട്ടനരംഗമാണ് സൂക്ഷിക്കണം, ഡ്യൂപ്പ് ഉപയോഗിച്ച് ചിത്രീകരിച്ചാൽ മതി'. ജോസ് പ്രകാശും ജയഭാരതിയും മറ്റെല്ലാവരും ഇതേകാര്യം പറഞ്ഞിരുന്നു. സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുന്നത് ജയന്റെ ഇഷ്‍ടവും പ്രത്യേകതയുമായിരുന്നു. അദ്ദേഹത്തിന്റെ അകാല മരണത്തിലേക്ക് എത്തിച്ചതും ഇതേ ഇഷ്‍ടമാണ്. മധു, ബാലൻ കെ നായർ, എം എൻ നമ്പ്യാർ, എം ജി സോമൻ, സുകുമാരൻ എന്നിവരെല്ലാം ക്ലൈമാക്‍സ് ചിത്രീകരണത്തിനായി ജയനെ കാത്തിരിക്കുകയായിരുന്നു. ജയനും ബാലൻ കെ നായരുമായുള്ള സംഘട്ടനത്തിന് ഹെലികോപ്‍റ്ററും വാടകയ്‍ക്ക് എടുത്തിരുന്നു. വിജയകരമായി മൂന്നുതവണ ചിത്രീകരിച്ചിട്ടും മതിവരാതെയാണ് വീണ്ടും ചിത്രീകരിച്ചതും അപകടമുണ്ടായതും. ഹെലികോപ്റ്ററിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന ബാലൻ കെ നായരെ കീഴ്പ്പെടുത്തണം. സുകുമാരൻ ഓടിക്കുന്ന ബൈക്കിന്റെ പിന്നിൽനിന്നും ഹെലികോപ്റ്ററിന്റെ ലാൻഡിങ് പാഡിൽ ജയൻ തൂങ്ങി. സംഘട്ടത്തിനിടയില്‍ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. മകൻ ഷാനവാസാണ് പ്രേംനസീറിനെ ജയന്റെ മരണവാര്‍ത്ത അറിയിക്കുന്നത്. മദ്രാസിൽനിന്ന് പീരുമേട്ടിലേക്കുള്ള ജയന്റെ വരവ് കാത്തിരുന്ന സംഘവും ഞെട്ടിത്തരിച്ചു. അറിയപ്പെടാത്ത രഹസ്യം ചിത്രീകരിച്ചത് തേക്കടിയിലും പീരുമേട്ടിലുമായാണ്. ആനയുടെ കൊമ്പിൽ തൂങ്ങിയുള്ള മൽപ്പിടുത്തം കുട്ടിക്കാനത്തും. ചിത്രീകരണത്തിനിടെ ജയനുനേരെ ആനയുടെ ആക്രമണ ശ്രമവുമുണ്ടായി. ഇടിമുഴക്കം, അവനോ അതോ അവളോ, കണ്ണപ്പനുണ്ണി എന്നീ സിനിമകളും കുമളി, വണ്ടിപ്പെരിയാർ പീരുമേട്, തേക്കടി മേഖലകളിലാണ് ചിത്രീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home