ad
Deshabhimani

അസ്വസ്ഥരായി നേതാക്കൾ

ഇടുക്കി ബിജെപിയിൽ പൊട്ടിത്തെറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 15, 2026, 12:15 AM | 2 min read

ഇടുക്കി

ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി പി സാനുവിനെ മാറ്റിയതില്‍ ഉൾപ്പെടെ പാര്‍ടിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ഗ്രൂപ്പ് നോക്കി വലിയ വിഭാഗങ്ങളെ തഴയുന്നു. അന്ത:ഛിദ്ര വിഷയങ്ങൾ പ്രവർത്തകർക്കിടയിൽ നവ മാധ്യമങ്ങൾ വഴിയും അല്ലാതെയും വ്യാപകമായി പ്രചരിക്കുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളെ പഴിച്ചാണ് പാര്‍ടിയില്‍ ചര്‍ച്ച. സമൂഹമാധ്യമ ഗ്രൂപ്പുകളിലും മറ്റ് ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ സജീവം. സ്ഥാനമേറ്റെടുത്ത് ഒരുവര്‍ഷം തികയാനിരിക്കെയാണ് സാനുവിനെ മാറ്റിയത്. പകരം തൊടുപുഴ നടുക്കണ്ടം സ്വദേശി അഡ്വ. ശ്രീവിദ്യ രാജേഷിനാണ് ചുമതല. ജനാധിപത്യപരമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് അന്നുമുതല്‍ ഒരുവിഭാഗം ആരോപിക്കുന്നത്. പിന്നാലെയാണ് നേതൃത്വത്തിനെതിരായ ആരോപണങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നായിരുന്നു പി പി സാനു പ്രതികരിച്ചത്. ഇടുക്കി സൗത്ത് ജില്ലയില്‍ പീരുമേട് മണ്ഡലം പ്രസിഡന്റിനെയും സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കെ സുരോന്ദ്രനോട്‌ ആഭിമുഖ്യമുള്ളവരെ അപ്പാടെ ഒഴിവാക്കുന്നതായാണ്‌ ഒരു വിഭാഗം ആരോപിക്കുന്നത്‌. ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമായി മൂന്ന്‌ ജില്ലാ ജനറൽ സെക്രട്ടറിമാരെ തെരഞ്ഞെടുക്കേണ്ട സ്ഥാനത്ത്‌ ഒന്ന്‌ ഒഴിച്ചിട്ടിരിക്കുകയാണ്‌. ​തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതാണ് കാരണമെന്ന് പറയുന്നവര്‍ പാര്‍ടി തകര്‍ന്നടിഞ്ഞ എറണാകുളം ഈസ്റ്റില്‍ ഇത്തരം നടപടികളിലേക്ക് കടക്കുന്നില്ല. ഇടുക്കി സൗത്തിലും വോട്ടുകുറഞ്ഞു. മധ്യകേരളത്തിലെ 12 സംഘടനാ ജില്ലാ പ്രസിഡന്റുമാരില്‍ ഏക ഈഴവനാണ് സാനു. പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളയാള്‍ എന്നത് മാത്രമാണ് സാനുവിന്റെ അയോഗ്യതയെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കുമാരമംഗലം പഞ്ചായത്തിലെ മൂന്ന് മെമ്പർമാർ ഇപ്പോഴെവിടെ പോയെന്നും നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യമുണ്ട്. സംഘടനയില്‍ തൊലിവെളുത്തവരും അവര്‍ക്കൊപ്പമുള്ളവരും അലക്കിത്തേച്ച കുപ്പായം ഉടയാത്തവരും മാത്രം മതിയെന്ന ചിന്തയുണ്ട്. സാനുവിനെ എന്തിന്റെ പേരിലാണ് ഒഴിവാക്കിയതെന്ന് എല്ലാവരും നേതൃത്വത്തോട് ചോദിക്കണം. സംസ്ഥാന നേതൃത്വത്തില്‍ ആരാഞ്ഞപ്പോള്‍ ഊട് ന്യായങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നെന്നും ആരോപിക്കുന്നു. സാധാരണ സംസ്ഥാന അധ്യക്ഷനാണ് ജില്ലാ പ്രസിഡന്റിനെ മാറ്റുന്നത്, അതും കാരണം ബോധ്യപ്പെടുത്തിയ ശേഷം. ഈ നിയമം കാറ്റില്‍ പറത്തിയാണ് ഇന്നലെ വന്നവൻ ഞാനാണെല്ലാം എന്ന ധാരണയില്‍ മുന്നോട്ടുപോകുന്നത്. ബൂത്ത് കമ്മിറ്റി പോലുമുണ്ടാക്കാൻ കഴിവില്ലാത്തവരാണ് ചുമതലകള്‍ വഹിക്കാൻ വരുന്നത്, ഇത്തരം ആളുകളെ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ മാഫിയ കളിയാണ്. സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ശബ്ദസന്ദേശത്തില്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home