തിന്നുകയുമില്ല, തീറ്റിക്കയുമില്ല

malanadan
avatar
കെടിആർ

Published on Sep 15, 2025, 12:15 AM | 1 min read

ഞങ്ങൾക്കില്ലാത്തത് എന്തിനാ നിങ്ങൾക്ക്? എന്ത് വില കൊടുത്തും എതിർത്തിരിക്കും. കുളം കലക്കി പരുന്തിന് കൊടുക്കുന്ന പണിയാണ് ഞങ്ങടേത്. നെടുകെയും കുറുകേയും പോകാൻ സമ്മതിക്കൂല. ഭൂപതിവോ, ചട്ടമോ, വന്യജീവി പ്രതിരോധമോ ദേശീയപാതാ വികസനമോ പോട്ടെ, പാലമോ, റോഡോ ഏത് വികസനമായാലും ഞങ്ങൾ അംഗീകരിക്കില്ല, പരമാവധി മുള്ളിന് മുന കൂട്ടിക്കൊടുക്കും. ആരൊക്കെയുണ്ട് ഇതിൽ കണ്ണിയാകാൻ. എന്തിനും ഏതിനും പ്രതികരിച്ച് വിഷം കലക്കുന്ന ഒരു പോരാട്ടവേദി, മലയോരവാസികളുടെ തലയിൽ എല്ലാ ഏടാകൂടങ്ങളും കെട്ടിവച്ച കോൺഗ്രസ്, ജില്ലയിലെ കുഞ്ഞുകുട്ടി പരാധീനങ്ങൾ മുതൽ എഴുന്നേൽക്കാനാവാത്തവർ വരെ കൈയേറ്റക്കാരാണെന്ന് ഏഷണി പരത്തുന്ന വ്യാജ പരിസ്ഥിതിവാദികൾ, എല്ലാ നേട്ടങ്ങളും ഉപയോഗപ്പെടുത്താൻ സഞ്ചിയുമായി പോകുന്ന നിക്ഷ്‌പക്ഷ വേഷമിട്ട പക്ഷപാതികൾ ഇവർക്കെല്ലാം സ്ഥാനത്തും അസ്ഥാനത്തും ഉപദേശം നൽകുന്ന കുരുട്ടുബുദ്ധി നിയമ പടുക്കളും, പ്രചാരക പരിജ്ഞാനികളും. 
 ചുരുക്കത്തിൽ വെയിലിൽ ഉണങ്ങാത്ത, മഴയിൽ കുതിരാത്ത, തീയിൽ കത്താത്ത സ്വരൂപങ്ങൾ. തെറ്റിദ്ധാരണ നുണ വ്യവസായങ്ങൾക്ക് വേരോട്ടമുള്ളിടത്തോളം ഉണ്ണാനും വെട്ടാനും പടയുള്ളടത്തോളം ഏഴാം കൂലിക്കാരാകുക. വലിയ വലിയ തടിയെല്ലാം വെട്ടുന്ന വ്യാപാരമുണ്ടായിരുന്ന ഈ ‘ചൂര വേലികൾ', പരിസ്ഥിതിയുടെ മൊത്ത വ്യാപാരികളാവുന്നത് കൈയിൽ പത്ത് പുത്തൻ പ്രതീക്ഷിച്ചാണ്. വിളവ് സ്വന്തമായി തിന്നുകയുമാവാം. കർഷകരുടെ പേരിലാണ് കോലാഹലമെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായ റിസോർട്ട്- കൈയേറ്റ ഭൂ സ്വാമിമാർക്കായാണ് കോടാലിക്കൈയാവുന്നത്. 
 കർമമുണ്ടെങ്കിലേ കാശുകിട്ടൂ. ജന്മലക്ഷ്യം പാരവെപ്പാകുമ്പോൾ പിന്നെ ഒറ്റുകാരാകും ഓലപ്പുരമേലിരുന്ന് ചൂട്ടും കത്തിക്കും. ഇടതുവിരുദ്ധതയാണ് മുഖമുദ്ര. നല്ലതിനെയും വികസനത്തെയും അന്ധമായി എതിർക്കുന്ന മരുന്നില്ലാത്ത മനോരോഗികൾക്കറിയാം എങ്ങനെ നാടിനെ ഭിന്നിപ്പിക്കാമെന്ന്. വിമോചന സമരക്കാരുടെ കുറുവടിപ്പടയുടെ പണി മറക്കാത്തവർ. ‘പൂച്ച കണ്ണടച്ചാൽ ഭൂലോകം ഇരുട്ടിലാകു’മെന്നതിന്റെ യാഥാർഥ്യം ഇവർക്കറിയില്ല. പട്ടം കൊണ്ടുവന്ന ഭൂ നിയമം, ശങ്കറും കരുണാകരനും കൊണ്ടുവന്ന ചട്ടങ്ങൾ, ജയറാം രമേശ് കൊണ്ടുവന്ന 12 കിലോ മീറ്റർ ബഫർ സോൺ, ഉമ്മൻ ചാണ്ടിയുടെ ഉപാധികൾ, കോൺഗ്രസ് നേതാക്കളുടെ കോടതി വ്യവഹാരങ്ങൾ, 10 കുടിയിറക്കുകൾ എല്ലാം മറന്നേക്കൂ.



deshabhimani section

Related News

View More
0 comments
Sort by

Home