ഹൈറേഞ്ചിനെ തകർത്തെറിഞ്ഞ മഹാദുരന്തത്തിന് 52 ആണ്ട്

അടിമാലി ടൗൺ
ടി കെ സുധേഷ്‌കുമാർ
Published on Jul 25, 2026, 12:15 AM | 2 min read
അടിമാലി
പേമാരിയിൽ ഹൈറേഞ്ച് ജനതയുടെ മുഴുവൻ ജീവിതസ്വപ്നങ്ങളേയും കടപുഴക്കിയെറിഞ്ഞ മഹാദുരന്തത്തിന് 52 ആണ്ട് തികയുന്നു. നാടിനെ നടുക്കിയ 1924ലെ മഹാപ്രളയത്തിന് ശേഷം ജില്ലയിലുണ്ടായ വലിയ ഉരുൾപൊട്ടലാണ് 1974 ജൂലൈ 26ന് അടിമാലി മേഖലയിൽ ഉണ്ടായത്. അഞ്ചുദിവസം തുടർച്ചപെയ്‌ത കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 33 പേരുടെ ജീവനാണ് പൊലിഞ്ഞത്.
അടിമാലി, കല്ലാർകുട്ടി, വെള്ളത്തൂവൽ, മന്നാങ്കണ്ടം. കൊന്നത്തടി, മങ്കുവ, പെരിഞ്ചാംകുട്ടി, മുരിക്കാശേരി, മാങ്കടവ്, കീരിത്തോട്, ചുരളി, പള്ളിവാസൽ, കത്തിപ്പാറ, കൂമ്പൻപാറ, പഴമ്പിള്ളിച്ചാൽ മേഖലകളിലാണ് വൻനാശമുണ്ടായത്. അടിമാലിയിലും വെള്ളത്തൂവലിലുമായിരുന്നു കൂടുതൽ നാശം. മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ചില മൃതദേഹങ്ങൾ കണ്ടെത്താനായത്. മഠത്തുംമുറി കൗസല്യ, കക്കടാശേരി പാത്തുമ്മ, കുന്നശേരി അബ്ദുവിന്റെ മക്കളായ മൈതീൻ, പരീത്, തലമാലി ആദിവാസി കുടിയിലെ ഒരാളുമുൾപ്പെടെ ഉരുൾപാച്ചിലിൽ നിരവധി പേരുടെ ജീവൻ നഷ്ടമായി.
ദുരന്തം
ഭൂഗതിയെതന്നെ മാറ്റി
ദുരന്തശേഷം പ്രദേശം മണ്ണടിഞ്ഞുകൂടി മൈതാനം പോലെയായി. ആറടിയിലധികം താഴ്ചയുണ്ടായിരുന്നു അടിമാലി പാടശേഖരങ്ങളെല്ലാം മലയിടിഞ്ഞുവന്ന് നികന്നു. ഇപ്പോഴത്തെ ടൗൺ മസ്ജിദിന് സമീപമാണ് ഏറ്റവും കൂടുതൽ ദുരന്തമുണ്ടായത്. സ്വകാര്യ ബസ് സ്റ്റാൻഡ്, ലൈബ്രറി റോഡ്, കല്ലാർകുട്ടി റോഡിന്റെ ഇരുഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളോളം മലയിടിഞ്ഞ് നിൽക്കുന്നതായി പഴമക്കാർ പറയുന്നു. വെള്ളത്തൂവലിൽ റോഡ് ഒലിച്ചുപോയി. റോഡുകളിലെ ഗതാഗതതടസ്സം മാറ്റാൻ അഞ്ഞൂറിവധികം ജോലിക്കാരെയാണ് പൊതുമരാമത്ത് വകുപ്പ് നിയോഗിച്ചത്. ദുരന്തത്തിൽ നിന്ന് കരകയറിയ അടിമാലി ഇന്നാകെമാറി. മന്നാങ്കണ്ടം അടിമാലി പഞ്ചായത്തായി. ഒരു നാടിനെ ഉരുൾ മൂടിയതിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഹൈറേഞ്ചിലെ കുടിയേറ്റ ജനതയുടെ സ്വപ്ന ഭൂമിയാണ് അടിമാലിയും പരിസര പ്രദേശങ്ങളും.
ഒരാൾ ഒഴുകിപ്പോയ രൂപം ഇന്നും മായില്ല
കനത്തമഴയ്‌ക്കിടെ വീടിനുമുന്നിലൂടെ ഉരുളിൽ ഒരാൾ ഒഴുകിപ്പോയത് കണ്ടത് അന്ന് അടിമാലി ഗവ. സ്കൂളിലെ അധ്യാപകരായിരുന്ന കെ കെ സുകുമാരനും ഭാര്യ രാജമ്മയും ഭീതിയോടെയാണ് ഇന്നും ഓർമിക്കുന്നത്. വൈകിട്ട് അഞ്ച് കഴിഞ്ഞുകാണും. സ്‌കൂളിന്റെ സമീപത്തെ കുന്നിൻച്ചെരുവിലായിരുന്നു വീട്. സമീപത്തുകൂടി മുകളിൽനിന്ന് ചെളിയും കല്ലുകളും അടയ്ക്കാമരവും ഉൾപ്പടെ കടപുഴകി ഒഴുകി. ഇതിനിടയിലാണ് ഒരാൾ ഒഴുകി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അയൽവാസികളെ വിവരമറിയിച്ചു. അന്വേഷണത്തിൽ അയൽവാസിയായ കൗസല്യയാണ് മുമ്പിലൂടെ ഒഴുകി പോയതെന്നറിഞ്ഞു. പിറ്റേദിവസം ഏകദേശം അഞ്ഞൂറ് മീറ്റർ അകലെ നാഷണൽ ലൈബ്രറിയുടെ സമീപത്ത് ഒഴുകിയെത്തിയ അടയ്ക്കാമരത്തിൽ കൗസല്യയുടെ മൃതദേഹം തങ്ങിനിന്നു. തൊട്ടടുത്തപറമ്പിൽ എരുമയെ കെട്ടിയശേഷം വരുന്നതിനിടെയാണ് കൗസല്യയെ ഉരുൾ കൊണ്ടുപോയത്. അന്ന് സുരക്ഷയ്‌ക്കായി നന്ത്യാട്ട് ബാലന്റെ വീട്ടിലാണ് പ്രദേശവാസികളെല്ലാം കഴിഞ്ഞുകൂടിയത്. പിറ്റേ ദിവസം പുലർച്ചെയാണ് ദുരന്തത്തിന്റെ വ്യാപ്തി ജനങ്ങളറിയുന്നത്. അടിമാലി സർക്കാർ സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചു. കെ കെ സുകുമാരൻ, പൊതുപ്രവർത്തകനായ ജോൺ പൊറ്റാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം കൊടുത്തത്.
ഉറ്റവരുടെ
ഉയിരെടുത്ത കാലം
ജൂലൈ, ആഗസ്‌ത് മാസങ്ങൾ മിക്ക വർഷവും ഹൈറേഞ്ചിന് നൽകിയത് വറ്റാ കണ്ണീരാണ്. 1997 ലെ പഴമ്പിള്ളിച്ചാൽ ദുരന്തവും ആനവിരട്ടി, ചീയപ്പാറ, കുഞ്ചിത്തണ്ണി മേഖലയിലെ ഉരുൾപൊട്ടലും 2018ലെ മഹാ പ്രളയവുമെല്ലാം മലയോര ജനതയെ ഏൽപ്പിച്ചത് കനത്ത പ്രഹരമായിരുന്നു. 1997 ജൂലൈ 21-നാണ് നാടിനെയാകെ ഉലച്ചുകൊണ്ട് പഴമ്പിള്ളിച്ചാലിൽ ദാരുണമായ ഉരുൾപൊട്ടലുണ്ടായത്. കോരിച്ചൊരിയുന്ന മഴയിൽ, നിമിഷങ്ങൾക്കുള്ളിൽ സ്വന്തം മണ്ണും വീടും പ്രിയപ്പെട്ടവരുമെല്ലാം കൺമുന്നിൽ പൊലിഞ്ഞുപോയ ദുരന്തത്തിന് കഴിഞ്ഞദിവസം 29 വർഷം പിന്നിട്ടു. അന്ന് നഷ്ടമായത് പതിമൂന്നോളം ജീവനുകളാണ്. ദുരന്തം ബാക്കിവച്ച ആഘാതത്തിൽനിന്ന് എല്ലാ പ്രദേശവും മെല്ലെ കരകയറിയെങ്കിലും പ്രിയപ്പെട്ടവരുടെ ഓർമകൾ ഇന്നും നൊന്പരമായി.










0 comments