ഉദ്ഘാടനം കഴിഞ്ഞു
കരിങ്കുന്നത്ത് ശൗചാലയ സമുച്ചയം അടഞ്ഞുതന്നെ

ഉദ്ഘാടനം കഴിഞ്ഞതിനുശേഷം പ്രവർത്തനമാരംഭിക്കാത്ത ടോയ്ലറ്റ് കോംപ്ല

സ്വന്തം ലേഖകൻ
Published on Dec 01, 2025, 12:16 AM | 1 min read
തൊടുപുഴ
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉദ്ഘാടനം നടത്തി ജനത്തെ പറ്റിക്കുകയെന്ന പതിവ് കരിങ്കുന്നത്തും ആവര്‍ത്തിച്ച് യുഡിഎഫ്. നവംബര്‍ ആദ്യവാരമാണ് കരിങ്കുന്നം പഞ്ചായത്തില്‍ ശൗചാലയ സമുച്ചയം പ്രസിഡന്റ് കെ കെ തോമസ് ഉദ്ഘാടനംചെയ്‍തത്. നാളിതുവരെയായിട്ടും ഇത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ഉദ്ഘാടനം മാത്രമേയുള്ളു, കാര്യം സാധിക്കണമെങ്കില്‍ വേറെ വഴിനോക്കണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 16,30,000 രൂപ ചെലവഴിച്ചാണ് ശൗചാലയ സമുച്ചയം നിര്‍മിച്ചത്. ഇതില്‍ 10 ലക്ഷം ജില്ലാ പഞ്ചായത്ത് ഫണ്ടാണ്. ബാക്കി പഞ്ചായത്തിന്റേതും. ഇത്രയും പണം മുടക്കിയിട്ടും നിര്‍മാണം തികച്ചും അശാസ്‍ത്രീയമാണെന്ന ആക്ഷേപവും നാട്ടില്‍ നിലനില്‍ക്കുന്നു. രണ്ട് നിലകളിലായി ആറ് ശൗചാലയ മുറികളാണുള്ളത്. അതുകൊണ്ടുതന്നെ വയോധികര്‍ക്കും അംഗപരിമിതര്‍ക്കും ഇവ ഉപയോഗിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയാണ് കെട്ടിടം നിർമിച്ചത്. ഇതിന് പുറകിലുള്ള സ്ഥലത്തേക്കുള്ള വഴിയും കെട്ടിടം വന്നതോടെ തടസ്സപ്പെട്ടു. പഞ്ചായത്തിന്റെ 20 സെന്റോളം ഭൂമിയാണ് ഇതുമൂലം ഉപയോഗശൂന്യമാകുക. പഞ്ചായത്ത് ഭരണസമിതിയുടെ ദുർചെലവുകളിൽ ഒന്നായാണ് കെട്ടിട നിർമാണത്തെ നാട്ടുകാര്‍ കാണുന്നത്. ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിലെ നിലവിലെ അംഗത്തെ ഡിവിഷനില്‍ കാണാനില്ലാത്തതിനൊപ്പമാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അശാസ്‌ത്രീയ നിര്‍മാണത്തിനായി ഉപയോഗിച്ചെന്ന ആക്ഷേപവും.









0 comments