ബജറ്റ് ഫ്രണ്ട്‌ലി കഞ്ഞിക്കടകള്‍ ഏറെ പ്രിയം ‘
കുറച്ച് കഞ്ഞിയെടുക്കട്ടെ’

കട്ടപ്പന പുളിയന്മല റൂട്ടിലെ കഞ്ഞിക്കട
അജിന്‍ അപ്പുക്കുട്ടന്‍
Published on Aug 16, 2025, 12:15 AM | 1 min read
കട്ടപ്പന
ബജറ്റ് ഫ്രണ്ട്‌ലി കഞ്ഞിക്കടകള്‍ ഒട്ടേറെപ്പേരുടെ പ്രിയ ഫുഡ് സ്‌പോട്ടാണ്. ആവി പറക്കുന്ന കഞ്ഞിയും മോരും കറികളും. എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഒരുപാടൊന്നുമില്ലെങ്കിലും വയറും മനസും നിറയ്ക്കാം പോക്കറ്റ് കാലിയാകാതെ. കോപ്പയില്‍ നിറഞ്ഞുകിടക്കുന്ന ചൂടുകഞ്ഞിയിലേക്ക് മോരും രസവുമൊഴിച്ച് ചമ്മന്തിയും കൂട്ടി ഒരു പിടിപിടിച്ചാല്‍ നാവില്‍ നാടന്‍ സ്വാദിന്റെ വെടിക്കെട്ട്. കട്ടപ്പന ടൗണില്‍ മാത്രം 10ലേറെ കഞ്ഞിക്കടകളാണ് പ്രവര്‍ത്തിക്കുന്നത്. പകല്‍ 12 മുതല്‍ മൂന്നുവരെ തിരക്കോടുതിരക്ക്.
കഞ്ഞിക്കൊപ്പം തോരന്‍ അല്ലെങ്കില്‍ പയര്‍, കൂട്ടുകറി, ചുട്ടരച്ച ചമ്മന്തി, അച്ചാര്‍, മുളക് ചമ്മന്തി, പപ്പടം. ഒഴിച്ചുകൂട്ടാന്‍ മോരും പച്ചമോരും രസവും. ഓരോ ദിവസവും കൂട്ടുകറിയും തോരനും മാറിക്കൊണ്ടിരിക്കും. കൂടാതെ മീന്‍, ഇറച്ചി വിഭവങ്ങളും ഓംലെറ്റും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം പ്രിയം കഞ്ഞിക്കടകള്‍ തന്നെ. ടേബിളിന്റെ തൊട്ടരികില്‍തന്നെ തൊട്ടിയില്‍ കഞ്ഞി നിറച്ച് വച്ചിട്ടുണ്ട്. 50 രൂപയ്ക്ക് വയറുനിറച്ച് വിഭവങ്ങള്‍ കൂട്ടി ആസ്വദിക്കാം. നാടന്‍ സ്വാദ് കട്ടപ്പനക്കാര്‍ ഏറ്റെടുത്തതോടെ കഞ്ഞിക്കടകളില്‍ വന്‍ തിരക്കാണ്. പ്രതിദിനം 100 മുതല്‍ 150 പേര്‍ വരെ ഓരോ കടകളിലും കഞ്ഞി കുടിക്കാന്‍ എത്തുന്നുണ്ട്.










0 comments