ad
Deshabhimani

നാട്ടുകാരെ വെള്ളം കുടിപ്പിച്ച് കരിങ്കുരങ്ങ്

ഭീകരനാണിവൻ ഭീകരൻ...

പുളിയന്മല പളിയക്കുടിയിലിറങ്ങിയ കരിങ്കുരങ്ങ്

പുളിയൻമല ശിവലിംഗ പളിയക്കുടിയിൽ കുടിവെള്ള പൈപ്പിൽ ഇരിപ്പുറപ്പിച്ച കരിങ്കുരങ്ങ്‌

avatar
അജിന്‍ അപ്പുക്കുട്ടന്‍

Published on Jul 22, 2025, 12:30 AM | 1 min read

കട്ടപ്പന
അതിഥി ''അധികപ്പറ്റാ''യപ്പോൾ പുളിയൻമല ശിവലിംഗ പളിയക്കുടിയിലെ നാട്ടുകാർ വട്ടംകറങ്ങി. കാടിറങ്ങിയ കരിങ്കുരങ്ങാണ് നാട്ടുകാരെ വിടാതെ പിന്തുടരുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ കുടിയിലെ താമസക്കാരായ മൂന്നുപേരെ മാന്തി പരിക്കേൽപ്പിച്ചു. ഏലത്തോട്ടത്തിലെ തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മരപ്പൊത്തിലൊളിപ്പിക്കുക, സ്ത്രീകളുടെ മുടിയിൽ പിടിച്ചുവലിക്കുക, വീടുകളിൽനിന്ന് വസ്‍ത്രങ്ങൾ എടുത്തുകൊണ്ടുപോയി നശിപ്പിക്കുക തുടങ്ങിയ ഹോബികളാണ് മൂപ്പര്‍ക്ക്. ഒന്നരമാസം മുമ്പാണ് മൂന്ന് കരിങ്കുരങ്ങുകൾ വനത്തിൽനിന്ന് കുടിയിലെത്തിയത്. രണ്ടെണ്ണം മടങ്ങിയെങ്കിലും ആൺ കരിങ്കുരങ്ങ് മരങ്ങളിലും വീടുകളുടെയും അങ്കണവാടി കെട്ടിടത്തിന്റെയും പരിസരങ്ങളിലുമായി താമസമാക്കി.

സ്‍ത്രീകളെ കണ്ടാൽ ഹാലിളകും
ആദ്യദിനങ്ങളിൽ ആളുകളോട് ഇണങ്ങിയതോടെ ഇവർ പഴങ്ങളും ഭക്ഷണസാധനങ്ങളും നൽകി. ഭക്ഷണം കിട്ടാതെ വരുന്നപ്പോൾ ''കലിപ്പായി'' ആളുകളെ ഉപദ്രവിക്കാൻ തുടങ്ങി. ഏലച്ചെടികളിലെ ശരങ്ങളും തിന്നുനശിപ്പിക്കുന്നു. നിരവധി മൊബൈൽ ഫോണുകളാണ് മരപ്പൊത്തിലും ചില്ലകളിലുമായി ഒളിപ്പിച്ചത്. സ്ത്രീകളെ കണ്ടാൽ മുടിയിൽ പിടിച്ചുവലിക്കാനും പേടിപ്പിക്കാനുമെത്തും. അങ്കണവാടി കുട്ടികൾക്കുനേരെയും പാഞ്ഞടുക്കുക പതിവാണ്. കെട്ടിടത്തിലെ ജനാലയിൽ ഇരിപ്പുറപ്പിച്ച് ശബ്ദമുണ്ടാക്കി പേടിപ്പിക്കും. കുടിനിവാസികളായ മണിമാല (47), കാർത്തിക (എട്ട്), ആദിത്യൻ(ഏഴ്) എന്നിവർക്കാണ് കുരങ്ങിന്റെ നഖംകൊണ്ട് മുറിവേറ്റത്. ഇവർ പ്രതിരോധ കുത്തിവയ്‌പ്പെടുത്തു.

ഇന്ന് മയക്കുവെടി വയ്‍ക്കും
പൊറുതിമുട്ടിയ നാട്ടുകാർ വനംവകുപ്പ് കുമളി റേഞ്ച് ഓഫീസില്‍ അറിയിച്ചു. അധികൃതരെത്തി കൂട് സ്ഥാപിച്ച് ദിവസങ്ങളോളം നിരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ മയക്കുവെടിവച്ച് പിടികൂടാൻ അനുമതി ലഭിച്ചിട്ടുണ്ട്. ചൊവ്വ ഉച്ചയോടെ വനപാലകരും വെറ്ററിനറി ഡോക്ടറുമെത്തി മയക്കുവെടി വച്ച് പിടികൂടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home