ഇടത്തേക്ക് ചാഞ്ഞ് നെടുമങ്ങാട്

സുനീഷ് ജോ
Published on Mar 07, 2026, 07:38 PM | 1 min read
തിരുവനന്തപുരം: കർഷകസമരങ്ങളുടെയും തൊഴിലാളിസമരങ്ങളുടെയും ഭൂതകാലമുള്ള മണ്ഡലമാണ് നെടുമങ്ങാട്. മലയോര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വോട്ട് നിർണായകം. നഗരത്തിൽ ബിസിനസുകാരുടെ ശക്തമായ സാന്നിധ്യവുമുണ്ട്. മുനിസിപ്പാലിറ്റിക്കുപുറമെ മാണിക്കൽ, കരകുളം, അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം പഞ്ചായത്തുകൾ മണ്ഡലത്തിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുനിസിപ്പാലിറ്റിയിലും കരകുളം, പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകളിലും ഭരണം എൽഡിഎഫിനാണ്. അണ്ടൂർക്കോണത്ത് യുഡിഎഫും. ഇവിടെ ആകെയുള്ള 20 വാർഡുകളിൽ യുഡിഎഫിന് എട്ടിടത്തും എൽഡിഎഫിന് ഏഴിടത്തുമായിരുന്നു ജയം. ബിഎസ്‌പി 1, എൻഡിഎ 4 എന്നിങ്ങനെയാണ് മറ്റു കക്ഷികൾ.
വെമ്പായത്ത് ആകെയുള്ള 23 വാർഡുകളിൽ എട്ടുവീതം വാർഡുകളിൽ യുഡിഎഫും എൽഡിഎഫും വിജയിച്ചു. എൻഡിഎ 5, എസ്‌ഡിപിഐ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിൽ എൽഡിഎഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
2016, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫ് തുടർച്ചയായി വിജയം നേടി. 2021ൽ 2,07,234 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 1,48,448 പേർ വോട്ട് ചെയ്‌തു. പോളിങ് ശതമാനം 71.63. സിപിഐയിലെ ജി ആർ അനിൽ 23,309 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഭക്ഷ്യമന്ത്രിയായ അദ്ദേഹം ഇതിനകം മണ്ഡലത്തിൽ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. പത്തുവർഷത്തിനിടെ 9000 കോടിയുടെ വികസനമാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. 2011ൽ വിജയിച്ച യുഡിഎഫിലെ പാലോട് രവി കാര്യമായ വികസനമൊന്നും കൊണ്ടുവന്നില്ല.
ഇൗ അതൃപ്‌തിയാണ് 2016ൽ സിപിഐയിലെ സി ദിവാകരനെ തെരഞ്ഞെടുക്കാൻ വോട്ടർമാരെ പ്രേരിപ്പിച്ചത്. പാലോട് രവി തന്നെയായിരുന്നു അന്ന് എതിരാളി. ജി ആർ അനിൽ പരാജയപ്പെടുത്തിയ പി എസ് പ്രശാന്ത് നിലവിൽ സിപിഐ എമ്മിലാണ്. തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം വന്നതോടെ വോട്ടർമാരുടെ എണ്ണത്തിൽ 10,227 പേരുടെ കുറവുണ്ട്.









0 comments