അപകടത്തിൽ പരിക്കേറ്റ വയോധികയ്ക്ക് താങ്ങായി നഗരസഭ

കൗൺസിലർ തങ്കമണിയുടെ നേതൃത്വത്തിൽ വസന്തയെ മെഡിക്കൽ കോളേജിൽ എത്തിക്കാനായി ആംബുലൻസിലേക്ക് കയറ്റുന്നു
ആറ്റിങ്ങൽ
അപകടത്തിൽ പരിക്കേറ്റ വയോധികയ്‌ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി ആറ്റിങ്ങൽ നഗരസഭ. അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന കരിച്ചയിൽ തോട്ടിൻകര മേലേതട്ടിൽ പുത്തൻവീട്ടിൽ വസന്ത (65)യെയാണ് വാർഡ് കൗൺസിലറും ആശാവർക്കറുമായ തങ്കമണിയുടെ ഇടപെടലിനെ തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി നഗരസഭ അധികൃതർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട മസ്റ്ററിങ്ങിനായി അക്ഷയ സെന്ററിലേക്ക് പോകുന്നതിനിടെ ഓട്ടോയിടിച്ചാണ് വസന്തയുടെ തുടയെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ പറഞ്ഞിരുന്നെങ്കിലും കൂട്ടിരിക്കാൻ ആളില്ലാത്തതിനാൽ അധികൃതർ വീട്ടിലേക്ക് തിരിച്ചയച്ചു. മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. വിവരമറിഞ്ഞ കൗൺസിലർ തങ്കമണി വിഷയം നഗരസഭ അധ്യക്ഷൻ എം പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സ്ത്രീ ജാഗ്രത സമിതിയുടെ ചുമതലയുള്ള നഗരസഭ വൈസ് ചെയർപേഴ്സൺ ആർ എസ് രേഖ, കൗൺസിലർ രമ്യ, വാർഡ് കൗൺസിലർ തങ്കമണി, സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ക്ഷേമപെൻഷനും ഭിന്നശേഷിക്കാർക്ക് സർക്കാരിൽനിന്ന് ലഭിക്കുന്ന ധനസഹായവും നഗരസഭ നൽകുന്ന ആനുകൂല്യങ്ങളുമാണ് ഇവരുടെ ആശ്രയം. എന്നാൽ വിഷയത്തിൽ കൗൺസിലർക്കെതിരെ പ്രതിപക്ഷം കുപ്രചാരണങ്ങൾ നടത്തുകയാണ്. അവ തികച്ചും വസ്‌തുതാവിരുദ്ധമാണെന്നും തള്ളിക്കളയണമെന്നും നഗരസഭ അധ്യക്ഷൻ എം പ്രദീപ് പ്രതികരിച്ചു.








0 comments