മേൽകടയ്ക്കാവൂരിൽ വിദ്യാർഥിക്കും യുവാവിനും തെരുവുനായയുടെ കടിയേറ്റു

ചിറയിൻകീഴ്
ചിറയിൻകീഴ് പഞ്ചായത്ത് മേൽകടയ്ക്കാവൂരിൽ തെരുവുനായ ശല്യം രൂക്ഷം. വിദ്യാർഥിക്കും യുവാവിനും നിരവധി വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റു. വെള്ളി വൈകിട്ട് അഞ്ചോടെയാണ് സ്റ്റാലിൻമുക്ക് പൊട്ടൻചിറയിൽ പന്ത്രണ്ടുകാരൻ വിഷ്ണുവിനെ നായ ആക്രമിച്ചത്. ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിൽനിന്ന് വീട്ടിലേക്ക് പോകുംവഴി കാലിൽ കടിയേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഴഞ്ചിറയ്ക്കു സമീപം ശിവശൈലത്തിൽ ആദർശി (24)ന് പകൽ വീട്ടിൽവച്ചാണ് നായയുടെ കടിയേറ്റത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. നായകൾ, പൂച്ചകൾ എന്നിവയടക്കം നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി നാട്ടുകാർ പറഞ്ഞു. പിന്നീട് ചത്ത നായയെ പാലോട് വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ മേയിലും പ്രദേശത്ത് നിരവധിപേരെ തെരുവുനായ ആക്രമിച്ചിരുന്നു. തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ നടത്തി. അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. മൂന്നുമാസത്തിനിടെ കൊച്ചുകുട്ടികളടക്കം നിരവധി പേർക്കാണ് പ്രദേശത്ത് നായയുടെ കടിയേറ്റത്. കടയ്ക്കാവൂരിൽ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാർഥികൾ അടുത്തിടെ മരിച്ചു. നായകൾ റോഡുകളിൽ കൂട്ടമായി നടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.








0 comments