യുവാക്കൾക്ക് നൂതന പദ്ധതിയുമായി കാട്ടാക്കട
ക്യൂ ആർ കോഡ് സ്കാൻ ചെയ്യൂ, തൊഴിൽ നൽകൂ

കാട്ടാക്കട
‘വിജ്ഞാനകേരളം പദ്ധതി'യുടെ ചുവടു പിടിച്ച് കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന തൊഴിൽ ലഭ്യതാ പദ്ധതിയുടെ ഭാഗമായി തൊഴിൽദാതാക്കളെ കണ്ടെത്തുന്നതിന് തുടക്കമായി. തൊഴിൽദാതാക്കളെ കണ്ടെത്താനുള്ള പ്രവർത്തനത്തിന്റെ മണ്ഡലംതല ഉദ്ഘാടനം ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ, വൈസ് പ്രസിഡന്റ് മഞ്ജുഷ, കുടുംബശ്രീ ചെയർപേഴ്സൺ അനസൂയ, പഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാർ എന്നിവരും പങ്കെടുത്തു. പങ്കജകസ്തൂരി മാനേജിങ് ഡയറക്ടർ ഡോ. ജെ ഹരീന്ദ്രൻ നായർ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച്, സ്ഥാപനങ്ങളിലെ തൊഴിൽ ഒഴിവുകൾ ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തി. മാറനല്ലൂർ പഞ്ചായത്തിലെ കാളിദാസ കൺവൻഷൻ സെന്ററിന്റെ മാനേജ്മെന്റും തൊഴിൽ നൽകാമെന്നുറപ്പ് നൽകി. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെയും 122 വാർഡുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തൊഴിൽ രഹിതരുടെ പട്ടിക ശേഖരിച്ചു. അടിയന്തരമായി ജോലി ആവശ്യമുള്ളവരുടെ പ്രത്യേക പട്ടികയും തയ്യാറാക്കി. തൊഴിൽദാതാക്കളെ കണ്ടെത്തി പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ച് എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. തൊഴിൽദാതാക്കൾ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിച്ചാൽ അനുയോജ്യമായ ഉദ്യോഗാർഥികളെ ലഭ്യമാക്കും. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ടീം മണ്ഡലത്തിലെ തൊഴിൽ ദാതാക്കളെ നേരിട്ട് സമീപിച്ച് ഒഴിവുകൾ കണ്ടെത്തും. മണ്ഡലത്തിലെ തൊഴിൽദാതാക്കളും തൊഴിലന്വേഷകരും മുഖാമുഖമെത്തുന്ന തരത്തിൽ പ്രാദേശിക തൊഴിൽ മേള സംഘടിപ്പിക്കും. ഉദ്യോഗാർഥികൾക്ക് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സൗജന്യ നൈപുണ്യ വികസന കോഴ്സുകളും നടത്തുന്നുണ്ട്.









0 comments