ad
Deshabhimani

ശിക്ഷാവിധി നാളെ

കണ്ണമ്മൂല വിഷ്ണു കൊലക്കേസ്‌; ഏഴുപേർ കുറ്റക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 12, 2026, 12:00 AM | 1 min read

നെടുമങ്ങാട്

കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ ഏഴ്‌ പ്രതികൾ കുറ്റക്കാരെന്ന്‌ കോടതി. അഞ്ചുപേരെ വെറുതെ വിട്ടു. 13ന് ശിക്ഷ വിധിക്കും. പതിനെട്ടുകാരനായ വിഷ്ണുവിനെ അച്ഛനമ്മമാരുടെ മുന്നിലിട്ട് അരുംകൊല ചെയ്തകേസിൽ നെടുമങ്ങാട് എസ്-സി/-എസ്ടി കോടതിയാണ് വിചാരണ പൂർത്തിയാക്കിയത്‌. 2016 ഒക്ടോബർ ഏഴിനാണ് നാടിനെ നടുക്കിയ അരുംകൊല. സായുധരായ ഒരുസംഘം അലറിവിളിച്ചെത്തി വിഷ്ണുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. അച്ഛൻ ജോസ് (അനിൽകുമാർ), അമ്മ ബിന്ദുകുമാരി, അച്ഛന്റെ സഹോദരി ലൈല എന്നിവർക്കും ഗുരുതര പരിക്കേറ്റിരുന്നു. കണ്ണമ്മൂല കൊല്ലൂർ വയൽനികത്തിയ വീട്ടിൽ ആർ അരുൺ (പരട്ട), തോട്ടരികത്ത് വീട്ടിൽ ആർ ലല്ലു, തോട്ടുവരമ്പിൽ വീട്ടിൽ ബി രാജേഷ്(പൂച്ച), മുടുമ്പിൽ വീട്ടിൽ എം സഞ്ജു(സനൽകുമാർ), കുളവരമ്പിൽ വീട്ടിൽ എസ് ശ്രീനാഥ്‌ (ബോൾജി), ജെ മനു (ഷേട്ടി മനു), പട്ടം പിടിസി നഗറിൽ മഠത്തുവിളാകം വീട്ടിൽ വി വിഷ്ണു (വിജീഷ്), കൊല്ലൂർ തോട്ടുവരമ്പിൽ വീട്ടിൽ ഡിനി ബാബു എന്നിവരെയാണ് സ്‌പെഷ്യൽ കോടതി ജഡ്ജി ഷാജഹാൻ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 12 പ്രതികളില്‍ ജയൻ, അജീഷ്, ഉണ്ണിക്കൃഷ്ണൻ, ദിലീപ് എന്നിവരെ കുറ്റവിമുക്തരാക്കി. മറ്റൊരാൾ മരിച്ചുപോയി. കണ്ണമ്മൂലയിലെ ഗുണ്ടാനേതാവ് അരുണിന്റെ നേതൃത്വത്തിലാണ് കൊലപ്പെടുത്തിയത്. എട്ടാം പ്രതി ഡിനിയുടെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ അച്ഛനുണ്ടായിരുന്ന അടുപ്പമാണ് കൊലയ്ക്ക് കാരണം. പേട്ട സിഐയാണ് ആദ്യം കേസ്‌ അന്വേഷിച്ചത്. പിന്നീട് ശംഖുംമുഖം അസിസ്റ്റന്റ് കമീഷണർ ഷാനിഹാൻ അന്വേഷണം ഏറ്റെടുത്തു. പ്രതികള്‍ക്കുമേല്‍ പട്ടികജാതി–വർഗ അതിക്രമം തടയൽ നിയമംകൂടി ചുമത്തി. പിന്നീട് സ്പെഷ്യൽ പ്രോസിക്യൂട്ടറായി സാജൻ പ്രസാദിനെ നിയമിച്ചു. വിചാരണ ആരംഭിച്ചെങ്കിലും കുറ്റപത്രത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുടരന്വേഷണം തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണർ ജെ കെ ദിനിലിന് കൈമാറി. വീഴ്ചകൾ പരിഹരിച്ച് ദിനിൽ കുറ്റപത്രം സമർപ്പിച്ചു. വിഷ്ണുവിന്റെ അച്ഛന്റെ സഹോദരി ലൈലയുടെ മകൻ ആദിത്യൻ പ്രധാന സാക്ഷിയായി വിസ്തരിക്കപ്പെട്ടു. സംഭവസമയത്ത് ഏഴ് വയസ്സായിരുന്നു ആദിത്യന്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home