കടത്ത് ഡിഎഫ്ഒ ഇല്ലാത്ത സമയത്ത്
മരംകൊള്ള ആസൂത്രിതം?

നിലമ്പൂരിൽ മുറിച്ചുമാറ്റിയ മരത്തിന്റെ ഭാഗം

സ്വന്തം ലേഖകൻ
Published on Oct 01, 2026, 01:21 AM | 1 min read
നിലമ്പൂർ
ഭൂദാനത്തെ നിക്ഷിപ്ത വനഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തിയത് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പരിശീലനത്തിനുപോയ സമയത്ത്. ഡിഎഫ്ഒയുടെ അഭാവത്തിൽ വൻ മരംകൊള്ള നടന്നതിൽ കൃത്യമായ ആസൂത്രണമുള്ളതായാണ് വിലയിരുത്തൽ. നോർത്ത് ഡിഎഫ്ഒയുടെ പരിശീലനവും സ്ഥലംമാറ്റവും സംബന്ധിച്ച വിവരങ്ങൾ മരംകൊള്ള സംഘത്തിന് നേരത്തെ ലഭിച്ചിരുന്നോയെന്നും സംശയമുയരുന്നു.
നിലമ്പൂർ റെയ്ഞ്ചിനുകീഴിലെ ഭൂദാനം മുത്തപ്പൻകുന്നിലെ 23.42 ഹെക്ടർ നിക്ഷിപ്ത (വെസ്റ്റ്ഡ് ഫോറസ്റ്റ്) ഭൂമിയിൽനിന്നാണ് വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തിയത്. ഇതിൽ 7.42 ഹെക്ടർ വനഭൂമി വനംവകുപ്പ് ജെണ്ടകെട്ടി വേർതിരിച്ചിട്ടുള്ളതാണ്. ശേഷിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ഇവിടെയും അനുമതിയില്ലാതെ മരങ്ങൾ മുറിച്ചിട്ടുണ്ടെന്നാണ് വിവരം. 90ലധികം റബർ മരങ്ങളും മൂന്ന് തേക്ക് മരങ്ങളും വീട്ടി, മരുത്, ഇരൂൾ തുടങ്ങിയ ഇരുപതിലധികം മരങ്ങളുമാണ് മുറിച്ചുകടത്തിയത്. വനഭൂമിയിൽനിന്ന് മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകുന്നതിനും കടത്ത് പാസ് നിർബന്ധമാണ്. എന്നാൽ ആവശ്യമായ അനുമതികളില്ലാതെയാണ് മരങ്ങൾ മുറിച്ചുകടത്തിയത്. ഇന്ത്യൻ റോസ് വുഡ് എന്നറിയപ്പെടുന്ന വീട്ടിമരം വംശനാശ ഭീഷണി നേരിടുന്ന സസ്യവർഗങ്ങളുടെ പട്ടികയിൽപ്പെട്ടതാണ്.
നോർത്ത് ഡിഎഫ്ഒയായിരുന്ന പി ധനേഷ് കുമാർ ഡെറാഡൂണിൽ പരിശീലനത്തിലായിരുന്ന സമയത്താണ് മരംമുറി നടന്നത്. പരിശീലനം പൂർത്തിയാക്കി നിലമ്പൂരിൽ തിരിച്ചെത്തി ചുമതലയേൽക്കാനിരിക്കെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. നിലമ്പൂർ നോർത്ത് ഡിവിഷനിൽ വനഭൂമി കൈയേറ്റവും അനധികൃത ഖനനവും സംബന്ധിച്ച പരിശോധനകൾ ശക്തമാക്കിയിരുന്ന ഘട്ടത്തിലായിരുന്നു സ്ഥലംമാറ്റം. മുത്തപ്പൻകുന്നിൽ 23 മരങ്ങൾ മുറിച്ചുകടത്തിയ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് കാഞ്ഞിരപ്പുഴ സ്റ്റേഷൻ സെക്ഷൻ ഓഫീസർ എ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് ഏകദേശം 15 ദിവസംമുമ്പാണ് മരങ്ങൾ മുറിച്ചുമാറ്റിയതെന്നാണ് പ്രാഥമിക വിവരം. മുത്തപ്പൻകുന്നിലെ മരംമുറി കേസിനൊപ്പം നിലമ്പൂർ വനമേഖലയിലെ അനധികൃത ഖനനം, വനഭൂമി കൈയേറ്റം, മരംകടത്ത് എന്നിവയെ ബന്ധപ്പെടുത്തി സമഗ്ര പരിശോധന നടത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്.









0 comments