ad
Deshabhimani

ആവേശമായി 'ഫുട്‌ബോൾ വർത്തമാനം'

കാൽപ്പന്തില്ലാതെ മറ്റെന്ത്‌

There is a saying that football is in the blood of Areekod people.

ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ ഭാഗമായി അരീക്കോട് നടന്ന ലോകകപ്പ് ആരവത്തിൽ ആസിഫ് സഹീർ, യു ഷറഫലി, സുബൈർ വാഴക്കാട്, സി കെ വിനീത്, കെ വി ധനേഷ്, 
ദിലീപ് പ്രേമചന്ദ്രൻ, ഹബീബ് റഹ്‌മാൻ എന്നിവർ

വെബ് ഡെസ്ക്

Published on Jun 10, 2026, 12:02 AM | 1 min read

അരീക്കോട്‌

അരീക്കോടുകാരുടെ രക്തത്തിൽ ഫുട്‌ബോൾ കാണാമെന്നൊരു പ്രയോഗമുണ്ട്‌. അതുകൊണ്ടുതന്നെ കാൽപ്പന്തുകളിയുടെ മക്കയെന്ന്‌ അറിയപ്പെടുന്ന അരീക്കോട്‌ ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ എത്തുന്പോൾ കളിയെക്കുറിച്ച്‌ മിണ്ടാതെയും പറയാതെയും പോകാനാവില്ല. ലോകകപ്പ്‌ മത്സരങ്ങൾ പടിവാതിൽക്കലെത്തിയ നിമിഷംകൂടിയായപ്പോൾ ചർച്ചകൾക്ക്‌ വീറുംവാശിയുമേറി. സെമിനാറിന്റെ അനുബന്ധ പരിപാടിയായി സൺസിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ലോകകപ്പ്‌ ആരവത്തിലാണ്‌ (ഫുട്‌ബോൾ വർത്തമാനം) ഇഷ്‌ട ടീമുകളെ വാനോളം പുകഴ്‌ത്തിയും എതിർ ടീമുകളുടെ പഴുതുകൾ ചൂണ്ടിക്കാട്ടിയും ആരാധകർ ഗാലറികളിലേതുപോലെ ആവേശം തീർത്തത്‌. ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോൾ താരങ്ങളും കളിയെഴുത്തുകാരനും കളിവർത്തമാനക്കാരനും പഴയകാല താരങ്ങളും ചേർന്നതോടെ ആഘോഷത്തിമിർപ്പേറി. മലയാളികൂടിയായ ലോകകപ്പ്‌ കളിക്കുന്ന ഖത്തർതാരം തഹ്‌സിൻ മുഹമ്മദും ചർച്ചാവിഷയമായി. കഠിന പരിശ്രമമാണ്‌ പുതുതലമുറ കളിക്കാർക്ക്‌ ആവശ്യമെന്നും ഇതിന്‌ ക്രിസ്‌റ്റ്യാനോ റൊണോൾഡോയെ മാതൃകയാക്കാമെന്നും അഭിപ്രായമുയർന്നു. മികച്ച പരിശീലനത്തിന്‌ അവസരമുണ്ടാക്കിയാൽ അരീക്കോടുനിന്നുപോലും ലോകകപ്പ്‌ കളിക്കാനുള്ള ടീമുണ്ടാക്കാൻ കഴിയുമെന്ന്‌ മുൻ താരങ്ങൾ പറഞ്ഞതോടെ സദസ്സൊന്നാകെ ഇളകിമറിഞ്ഞു. ഇന്ത്യൻ ഫുട്‌ബോളിൽ ഇനി വലിയ പ്രതീക്ഷയില്ലെന്ന്‌ മറ്റൊരു താരം പറഞ്ഞതിൽ ചിലർ വിയോജിച്ചു. പക്ഷേ മാറാൻ പറ്റുമെന്നും മാറ്റത്തിനായി നമ്മൾ ഇടപെടണമെന്നും വ്യക്തമാക്കിയതോടെ ഹർഷാരവം. ചർച്ചകൾക്കിടെ പഴയകാല കളിയോർമകളും കളിയിടങ്ങളിലെ പ്രതിരോധവും പ്രതിഷേധവും ചെറുത്തുനിൽപ്പുകളും വിഷയമായി. 1960കൾവരെ തൊഴിലാളികളായിരുന്നു കാൽപ്പന്തുകളിക്കാരെന്നും ഇവർ സംഘടിച്ചതും നിലവിലെ സാഹചര്യത്തിലെത്തിയതും കളിയെഴുത്തുകാരന്റെ വാക്കുകളിലൂടെ ഒഴുകി. കളിയെഴുത്തുകാരൻ ദിലീപ്‌ പ്രേമചന്ദ്രൻ, മുൻ അന്താരാഷ്ട്ര താരങ്ങളായ യു ഷറഫലി, ആസിഫ്‌ സഹീർ, ഒ ഹബീബ്‌ റഹ്മാൻ, സി കെ വിനീത്‌, കെ വി ധനേഷ്‌, കളിവർത്തമാനക്കാരൻ സുബൈർ വാഴക്കാട്‌ എന്നിവർ പാനലിസ്‌റ്റുകളായി. അസീസ്‌ തുവ്വുർ മോഡറേറ്ററായി. മുൻ കെഎസ്‌ആർടിസി താരം കെ വി സൈനുൽ ആബിദിനെ ആദരിച്ചു. എം ടി മുസ്‌തഫ സ്വാഗതവും കെ സാദിൽ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home