ad
Deshabhimani

ഇന്നും നാളെയും റെഡ് അലര്‍ട്ട്

കരുതണം; മഴ കനക്കുന്നു

The Meteorological Department has warned of heavy rains in the district for three days.

അരീക്കോട് മുണ്ടമ്പ്ര അത്തിക്കൽതൊടി സുധീഷ് കാരാടന്റെ വീടിനുമുകളിലേക്ക് ശക്തമായ മഴയില്‍ 
മരം കടപുഴകി വീണപ്പോള്‍

വെബ് ഡെസ്ക്

Published on Jun 06, 2026, 12:35 AM | 1 min read

മലപ്പുറം

ജില്ലയില്‍ മൂന്ന് ദിവസം അതിശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ടും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഞായറാഴ്ചയും ശക്തമായ കാറ്റുണ്ടാകും. റെഡ് അലര്‍ട്ട് ദിവസം ശരാശരി 115.6–204.4 മില്ലീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ ഭരണസംവിധാനത്തിന്റെയും ദുരന്തനിവാരണ അധികൃതരുടെയും നിര്‍ദേശം കര്‍ശനമായി പാലിക്കണം. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അനുസരിക്കണം. കൊണ്ടുപോകേണ്ട അവശ്യരേഖകളടക്കം നേരത്തെ എടുത്തുവയ്ക്കണം. ഓറഞ്ച് അലര്‍ട്ട് ദിവസം ശരാശരി 64.5–115.5 മില്ലീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അവശ്യനടപടികള്‍ സ്വീകരിക്കുകയും വേണം. ചൊവ്വാഴ്ച മഞ്ഞ അലര്‍ട്ടാണ്. വ്യാഴം രാത്രിമുതല്‍ ജില്ലയില്‍ ശക്തമായ മഴയായിരുന്നു. ഇടിമിന്നലുമുണ്ടായി. വെള്ളി രാവിലെയും വിവിധയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ മാപിനിയില്‍ രാവിലെ 8.30ന് 63 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഈമാസം ഒന്നുമുതല്‍ അഞ്ചുവരെ ജില്ലയില്‍ പ്രതീക്ഷിതനിലയിലാണ് ജില്ലയില്‍ മഴ ലഭിച്ചത്. 72.1 മില്ലീമീറ്റര്‍ വേണ്ടിടത്ത് 83.2 മില്ലീമീറ്റര്‍മാത്രമാണ് അധികം ലഭിച്ചത്. വെള്ളിയാഴ്ച മഴയിലും കാറ്റിലും ചിലയിടങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ചാലിയാർ പുഴയിൽ മീൻപിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. എടവണ്ണ ആര്യൻതൊടിക സ്വദേശി ഷാഹിൻ (38)ആണ് മരിച്ചത്. അരീക്കോട് പഞ്ചായത്ത് മുണ്ടമ്പ്ര അത്തിക്കൽതൊടി സുധീഷ് കാരാടന്റെ വീടിനുമുകളിലേക്ക് മരം കടപുഴകി. വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. വെള്ളി രാവിലെ എട്ടോടെയാണ് സംഭവം. വീട്ടിൽ ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ശക്തമായ കാറ്റില്‍ കൊട്ടപ്പുറം – പള്ളിക്കൽ ബസാർ – കാക്കഞ്ചേരി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുത തൂണുകള്‍ക്ക് കേടുപാട് സംഭവിച്ചതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home