സൗത്ത് പല്ലാറിൽ കൂടൊരുക്കി കന്യാസ്ത്രീ കൊക്ക്
വിരുന്നുവന്നവർ നാട്ടുകാരായി

സൗത്ത് പല്ലാറിൽ കൂടൊരുക്കിയ കന്യാസ്ത്രീ കൊക്ക്
മനു വിശ്വനാഥ്
Published on Nov 02, 2026, 12:45 AM | 1 min read
തിരൂർ
സംസ്ഥാനത്തെ പ്രഥമ നീർപക്ഷി ഗ്രാമമായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങിയ സൗത്ത് പല്ലാറിൽ കൂടൊരുക്കി കന്യാസ്ത്രീ കൊക്ക് (ഏഷ്യൻ വൂളി നെക്‌ഡ് സ്റ്റോർക്ക്). വംശനാശ ഭീഷണി നേരിടുന്ന ദേശാടനപ്പക്ഷിയായ കന്യാസ്ത്രീ കൊക്കുകളുടെ കൂടുകൾ ജില്ലയിൽ അപൂർവമാണ്. നീർപക്ഷി ഇനത്തിലെ സ്റ്റോർക്ക് വർഗത്തിൽപെട്ട സിക്കോണിയ എന്ന ജാതിയിലെ വലിയ പക്ഷികളാണ് കന്യാസ്ത്രീ കൊക്ക്.
നവംബർ, ഡിസംബർ മാസത്തോടെയാണ് ഇവ കൂടുവച്ച് മുട്ടയിടാൻ തുടങ്ങുന്നത്. വലിയ മരങ്ങളിൽ ചുള്ളിക്കമ്പുകൾ ഉപയോഗിച്ചാണ് കൂട് നിർമാണം. മൂന്നോ നാലോ മുട്ടകളിടും. സൗത്ത് പല്ലാർ സ്കൂളിന് സമീപത്തെ വലിയ താന്നി മരത്തിലാണ് ഇവ കൂട് വച്ചത്. നിലവിൽ ജില്ലയിൽ ചുരുക്കം ചില ഭാഗങ്ങളിൽ മാത്രമാണ് കൂട് കണ്ടിട്ടുള്ളതെന്ന് പക്ഷി നിരീക്ഷകൻ എം സ്വാദിഖ് പറയുന്നു. ആദ്യമായാണ് സൗത്ത് പല്ലാർ ഭാഗത്ത് കൂട് കാണുന്നതെന്ന് നീർപക്ഷി വിഷയത്തിൽ ഗവേഷണം ചെയ്യുന്ന കെ ടി ശ്രീനില പറഞ്ഞു.
കരുവാരക്കുരു, കരീം കൊക്ക്, വക്കീൽ കൊക്ക് എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്. കറുത്ത ശരീരവും കഴുത്തിലെ വെളുത്ത തൂവലുകളും കന്യാസ്ത്രീകൾ ധരിക്കുന്ന വേഷത്തിന് സമാനമായതിനാലാണ് ‘കന്യാസ്ത്രീ കൊക്ക്' എന്ന പേര് ലഭിച്ചത്. തവള, ഞണ്ട്, ചെറുമത്സ്യങ്ങൾ തുടങ്ങിയ ജല ജീവികളാണ് പ്രധാന ഭക്ഷണം. താമരക്കായലിലും ചീർപ്പുകുണ്ടിലും പാലത്തുംകുണ്ടിലും എല്ലാവർഷവും ഇര തേടി എത്തുന്ന കൊക്കുകൾ പ്രദേശത്ത് ആദ്യമായാണ് കൂട് വയ്‌ക്കുന്നതെന്ന് പക്ഷി നിരീക്ഷകനായ സൽമാൻ കരിമ്പനക്കൽ പറഞ്ഞു.








0 comments