ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് 10 വര്‍ഷം കഠിനതടവ്

മലപ്പുറം
ഫോണില്‍ സമയം ചെലവഴിക്കുന്നതിനുള്ള വിരോധത്താല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. എളങ്കൂര്‍ നിരന്നപറമ്പ് അയ്യപ്പന്‍കുളം വീട്ടില്‍ ശേഖരനെ (60)യാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 1 ജഡ്ജി എന്‍ വിനോദ് കുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവനുഭവിക്കണം. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതിജീവിതയ്ക്ക് പിഴത്തുകയില്‍ 50,000- രൂപയും വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരവും നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. 2023 ഫെബ്രുവരി 29നാണ് കേസിനാസ്പദമായ സംഭവം. തൃക്കലങ്ങോട് വരട്ടുചോലക്കുണ്ടിലെ വീട്ടിലെ കിടപ്പുമുറിയില്‍വച്ച് പുലര്‍ച്ചെ നാലിനാണ് പ്രതി അരിവാളുകൊണ്ട് ഭാര്യയുടെ കഴുത്തിന് വെട്ടിയത്. മഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇന്‍സ്പെക്ടറായിരുന്ന റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ എസ്ഐ എ കെ സജീവ്, എഎസ്ഐ കെ ഗിരീഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി -1 ജഡ്ജി എം തുഷാറാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ബാബു ഹാജരായി. പ്രോസിക്യൂഷന്‍ വിങ്ങിലെ സീനിയര്‍ സിപിഒ സബിത ഓളക്കല്‍ സഹായിച്ചു.










0 comments