നടുവത്ത് അമൃതം ന്യൂട്രിമിക്സ് സ്വന്തം കെട്ടിടത്തിലേക്ക്
മനോഹരം, ഇൗ യാത്ര

തിരുവാലി പഞ്ചായത്തിലെ നടുവത്ത് അമൃതം ന്യൂട്രിമിക്‌സിലെ പ്രവർത്തകരായ എം കെ സരളദേവി, പി സുലേഖ, വി സിന്ധു, പി പ്രിയ, പി നന്ദിനി എന്നിവർ പുതിയ കെട്ടിടത്തിനുമുന്നിൽ
വണ്ടൂർ
ചെറിയൊരു സംരംഭം, ചെറിയൊരു വരുമാനം... 19 വർഷംമുമ്പ് യാത്ര തുടങ്ങുമ്പോൾ തിരുവാലിയിലെ ഏതാനും വീട്ടമ്മമാരുടെ സ്വപ്‌നം ഇതുമാത്രമായിരുന്നു. എന്നാൽ ഇന്നത് അവർ വിചാരിച്ചതിനേക്കാൾ വളർന്നു. കുടുംബശ്രീയുടെ യൂണിറ്റിനുകീഴിൽ ചെറിയൊരു സംരംഭമായി ആരംഭിച്ച നടുവത്ത് അമൃതം ന്യൂട്രിമിക്സ് ഇന്ന് പുതിയ ഉയരങ്ങൾ താണ്ടുകയാണ്. അടുത്ത ദിവസംമുതൽ സ്വന്തമായി നിർമിച്ച കെട്ടിടത്തിലേക്ക് അമൃതം ന്യൂട്രിമിക്സ് പ്രവർത്തനം മാറ്റും. 2007ൽ തിരുവാലി പഞ്ചായത്തിന്റെ സഹായത്തോടെ ഐശ്വര്യ കുടുംബശ്രീയുടെ കീഴിലാണ് ഐശ്വര്യ അമൃതം ന്യൂടിമിക്സ് യൂണിറ്റ് ആരംഭിക്കുന്നത്. പഞ്ചായത്ത് കെട്ടിടത്തിലായിരുന്നു തുടക്കം. എം കെ സരളാദേവി പ്രസിഡന്റും വി സുമതി സെക്രട്ടറിയുമായിരുന്ന യൂണിറ്റിൽ പി നന്ദിനി, പി പ്രിയ, വി സിന്ധു, വി ബിന്ദു എന്നിവരായിരുന്നു അംഗങ്ങൾ. ഇതിൽ വി സുമതിയും വി ബിന്ദുവും പിന്നീട് താമസസ്ഥലം മാറിയും വിവാഹം കഴിഞ്ഞും യൂണിറ്റിൽനിന്ന് പോയി. എല്ലാവരും സാധാരണക്കാർ. ചെറിയൊരു വരുമാനംമാത്രമായിരുന്നു ലക്ഷ്യം. എന്നാൽ യൂണിറ്റ് ഹിറ്റായി, ഉൽപ്പന്നങ്ങളും. ഇന്ന് അങ്കണവാടികൾക്ക് ആവശ്യമായ അമൃതം ന്യൂടിമിക്സ് ഉൽപ്പാദിപ്പിക്കുന്നു. ഒപ്പം മസാലപ്പൊടികളും. ഒരോ അംഗത്തിനും ദിവസവും നിശ്ചിത കൂലി നിശ്ചയിച്ചാണ് പ്രവർത്തനം. ബാക്കി തുകകൊണ്ടാണ് പ്രവർത്തനം വിപുലമാക്കിയത്. 2012ൽ സ്വന്തമായി ആറരസെന്റ് വാങ്ങി. വായ്പയെടുത്തും സ്വന്തമായി ചേർത്തും 50 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പൂർത്തിയാക്കി. പുതിയ മെഷീനുകളടക്കം സ്ഥാപിച്ചു. വീടുപണി, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെല്ലാം ഇതിൽനിന്നുള്ള വരുമാനത്തിൽ പൂർത്തിയാക്കാനായതിൽ അഭിമാനമുണ്ടെന്ന് ഓരോരുത്തരും പറയുന്നു. കടല, സോയാബിൻ, പരിപ്പ് എന്നിവയുടെ വിലവർധനയാണ് നിലവിൽ നേരിടുന്ന പ്രതിസന്ധി. ഇതനുസരിച്ച് അമൃതംപൊടിയുടെ വില വർധിപ്പിച്ചാൽ ആശ്വാസമാകും. നിവിൽ പി സുലേഖ പ്രസിഡന്റും എം കെ സരളാദേവി സെക്രട്ടറിയുമാണ്.










0 comments