പൊന്നാനി കപ്പൽ നിർമാണശാല
എതിർപ്പിന് പിന്നിൽ കച്ചവടക്കണ്ണോ?

പൊന്നാനി കടൽത്തീരം

സ്വന്തം ലേഖകൻ
Published on Nov 05, 2026, 12:31 AM | 1 min read
പൊന്നാനി
പൊന്നാനിയുടെ സ്വപ്ന പദ്ധതിയായ കപ്പൽ നിർമാണശാലക്ക് കെ പി നൗഷാദലി എംഎൽഎ തുരങ്കംവയ്ക്കുന്നത് മാരിടൈം ബില് മുൻകൂട്ടി കണ്ടെന്ന് ആരോപണം. സർക്കാർ മാരിടൈം ബിൽ പാസാക്കിയതോടെ പൊന്നാനിയുൾപ്പെടെയുള്ള മുഴുവൻ തീരപ്രദേശങ്ങളും മാരിടൈം ബോർഡിന്റെ കീഴിലായി. പുതിയ നിയമത്തിലൂടെ ഏതാവശ്യത്തിനും ഭൂമി മാരിടൈം ബോർഡിന് ഏറ്റെടുക്കാവുന്ന സാഹചര്യമാണ്.
എന്തിനാണ് സംസ്ഥാനത്തെ രണ്ടാമത്തെ കപ്പൽ നിർമാണശാലക്ക് എംഎൽഎ എതിര് നിൽക്കുന്നതെന്നാണ് പൊന്നാനിയുടെ ചോദ്യം. തീരപ്രദേശം വിവിധ വികസന പദ്ധതികൾക്കായി സ്വകാര്യ കമ്പിനികൾക്ക് വീതംവച്ച് നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മാരിടൈം ബില്ലെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. തീരം കോർപറേറ്റുകളുടെ കൈയിലകപ്പെടുമോ എന്ന ആധിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലാക്രമണത്തേക്കാൾ ആശങ്കയുണ്ട് തീരം കൈവിട്ടുപോകുമോ എന്നതിൽ. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് കെ പി നൗഷാദലി എംഎൽഎ. മാരിടൈം ബിൽ വന്നതോടെ മാരിടൈം ബോർഡിന്റെ ചെയർമാൻ സ്ഥാനവും മുഖ്യമന്ത്രിയുടെ കൈകളിലായി. വകുപ്പിന്റെ ചുമതലയും മുഖ്യമന്ത്രിയുടെ കൈകളിലായതോടെ കാര്യങ്ങൾ എളുപ്പമാണ്.
തുറമുഖം എന്നത് പ്രായോഗികമല്ലെന്നും നിർമാണശാലയാണ് കൂടുതൽ ഗുണകരമെന്നുള്ള പഠനത്തിലാണ് കപ്പൽ നിർമാണശാലക്ക് പൊന്നാനി തയ്യാറെടുത്തത്. പഴയ ജങ്കാർ ജെട്ടിക്കുസമീപം 29 ഏക്കർ ഭൂമി നൽകാമെന്ന വ്യവസ്ഥയിലായിരുന്നു കരാർ. പിപിപി വ്യവസ്ഥയിൽ ഹൈദരാബാദ് ആസ്ഥാനമായ ട്രാവൻകൂർ പ്രിസിഷ്യൻ കമ്പോണന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കപ്പൽ നിർമാണശാലക്ക് തയ്യാറായത്. നൂറുകണക്കിന് പേർക്ക് നേരിട്ടും നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുകയും എല്ലാ വർഷവും റവന്യൂ ഷെയറായി 1.5 കോടിയും ഭൂമിയുടെ വാടകയായി 23 ലക്ഷവും ലഭിക്കുന്നതാണ് പദ്ധതി. സർക്കാർ നടപടിക്രമങ്ങളല്ലാം പാലിച്ച് ടെൻഡർ നടപടികളെല്ലാം പൂർത്തിയാക്കി അഗ്രിമെന്റ്വച്ച പദ്ധതിയാണ് എംഎൽഎയുടെ സമ്മർദത്തിൽ കുരുങ്ങിക്കിടക്കുന്നത്.









0 comments