കെഎസ്ആര്‍ടിസി ലോഫ്ലോര്‍ ബസ് കട്ടപ്പുറത്ത്


പി അഭിഷേക്
Published on Nov 05, 2026, 12:30 AM | 1 min read
മലപ്പുറം
കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുതുതായി ആരംഭിച്ച ലോഫ്ലോര്‍ സര്‍വീസ് മുടങ്ങിയിട്ട് ആഴ്ചകളായി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സെപ്തംബര്‍ 26ന് ഫ്ലാഗ്ഓഫ്ചെയ്ത എട്ട് പുതിയ സര്‍വീസുകളില്‍ ഉള്‍പ്പെട്ട ബസാണ് തകരാര്‍ കാരണം നിരത്തിലിറക്കാനാകാത്തത്. നെടുമ്പാശേരിയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും ഒന്നുമാത്രമേ ഓടിയിട്ടുള്ളൂ. രാത്രി 7.30ന് മലപ്പുറത്തുനിന്ന് ആരംഭിച്ച് കോട്ടക്കൽ – തൃശൂർ – അങ്കമാലിവഴി 11.45ന് നെടുമ്പാശേരിയിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. പുലര്‍ച്ചെ അഞ്ചിന് നെടുമ്പാശേരിയില്‍നിന്ന് പുറപ്പെട്ട് അങ്കമാലി – തൃശൂർ – എടപ്പാള്‍ – കോഴിക്കോട് – കൊണ്ടോട്ടിവഴി മലപ്പുറത്ത് തിരിച്ചെത്തും.
ഫിറ്റ്നസ് കാലാവധി അവസാനിക്കാന്‍ പോകുന്ന ലോഫ്ലോര്‍ ബസാണ് റൂട്ടില്‍ അനുവദിച്ചത്. ഇതിനാകട്ടെ നിരന്തരം അറ്റകുറ്റപ്പണി ആവശ്യമായിവന്നു. പുതിയ ലോഫ്ലോര്‍ ബസ് നല്‍കണമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതോടെയാണ് സര്‍വീസ് മുടങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബുക്കിങ് ആപ്പുകളിലും ബസിന്റെ വിവരങ്ങളില്ല. ഡിപ്പോയില്‍ അന്വേഷിക്കുമ്പോള്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയതാണെന്നും കോഴിക്കോട്ടുനിന്നുള്ള സര്‍വീസുകളെ ആശ്രയിക്കേണമെന്നുമാണ് അറിയിക്കുന്നത്. കോട്ടക്കൽ – കുറ്റിപ്പുറം – തൃശൂർവഴി രണ്ടാമത്തെ നെടുമ്പാശേരി സര്‍വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഫ്ലാഗ്ഓഫ് ചടങ്ങ് കഴിഞ്ഞ് ഒന്നരമാസമായിട്ടും മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിലും കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചിട്ടില്ല. രണ്ടാംഘട്ടമായാണ് ഈ റൂട്ടില്‍ സര്‍വീസ് തുടങ്ങുകയെന്നാണ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ വിശദീകരണം.









0 comments