കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ
യുവതിയടക്കം 5 പേർ പിടിയിൽ

കരിപ്പൂർ
കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിക്കുന്നതിനിടെ യുവതിയടക്കം അഞ്ചുപേരെ കരിപ്പൂർ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ ടി പി സുബിത്ത്, ടി കെ പ്രിൻസ്, കെ എം ശ്രീലാൽ എന്നിവരും ദുബായിൽനിന്ന് സ്വർണം കടത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക (34), സ്വർണം സ്വീകരിക്കാനെത്തിയ മട്ടന്നൂർ സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പകൽ 11.30ഓടെയാണ് വിമാനത്താവളത്തിലെ നാടകീയ സംഭവങ്ങൾ. വിമാനമാർഗം സ്വർണവുമായി എത്തിയ യുവതി കസ്റ്റംസിനെ വെട്ടിച്ച് ടെർമിനലിന് പുറത്തെത്തി. യുവതി കാറിൽ പുറത്തേക്ക് കടക്കുന്നത് സ്വര്‍ണം കൈപ്പറ്റാന്‍ വന്ന യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇയാൾ കാറിനുപിറകെ ഓടുന്നത് ശ്രദ്ധിച്ച പൊലീസ് പട്രോളിങ് സംഘം കാറിലും ബൈക്കുകളിലുമായി പിന്തുടർന്നു. പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡിലേക്ക് കയറിയ കവര്‍ച്ചാ സംഘത്തെ സാഹസികമായി പൊലീസ് കീഴ്‌പ്പെടുത്തി. നിരവധി കവര്‍ച്ചാ കേസില്‍ മുമ്പും പ്രതികളായിട്ടൂള്ള കുപ്രസിദ്ധ കുറ്റവാളികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 18 പവൻ സ്വർണവുമായാണ് യുവതി എത്തിയത്. കരിപ്പൂർ എസ്ഐ ശൈലേഷ് കുമാര്‍, എഎസ്ഐ റീന, എഎസ്ഐ കബീര്‍, സിപിഒ റിഷാദ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കവും സ്വര്‍ണം പൊട്ടിക്കലും പതിവാകുകയാണ്. കസ്റ്റംസിന്റെ പരിശോധന മറികടന്ന് വിമാനത്താവളത്തിന് പുറത്തേക്കെത്തിക്കുന്ന സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.









0 comments