ക്യാനിലും കുപ്പികളിലും ഇന്ധനമില്ല
ഇവരെങ്ങനെ ജോലിചെയ്യും

ഇ ബാലകൃഷ്‌ണൻ
Published on Jul 01, 2026, 12:04 AM | 1 min read
മേലാറ്റൂർ
ക്യാനുകളിലും കുപ്പികളിലും പെട്രോൾ, ഡീസൽ എന്നിവ നൽകാതായതോടെ വിവിധ തൊഴിൽ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പമ്പുകളിൽ സാധാരണയായി ക്യാനുകളിൽ നൽകിയിരുന്ന ഇന്ധനത്തിന് സമീപകാലത്തായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഒരാഴ്ചയിലേറെയായി ഇത് കർശനമാക്കിയതാണ് വിവിധ തൊഴിൽ മേഖലയിലുള്ളവരെ ബുദ്ധിമുട്ടിലാക്കിയത്. മിക്ക പമ്പുകളിലും കുപ്പികളിലോ ക്യാനുകളിലോ ഇന്ധനം നൽകുന്നതല്ല എന്ന് എഴുതിവച്ചിട്ടുണ്ട്. കാടുവെട്ടുതൊഴിലാളികൾ, മരംവെട്ട് തൊഴിലാളികൾ, ലൈറ്റ് ആൻഡ് സൗണ്ട് കടക്കാർ, മോട്ടോർ ഉപയോഗിച്ച് ജലസേചനം നടത്തുന്ന കർഷകർ തുടങ്ങിയവരെയാണ് ഇന്ധന വിതരണ നിയന്ത്രണം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കാട്, മരംമുറി മെഷീനുകളിൽ 650മുതൽ 1200 മില്ലിവരെ ഇന്ധനം വേണം. പമ്പിൽ പോയി പെട്രോൾ നിറച്ചാൽതന്നെ രണ്ട് മണിക്കൂറേ ജോലിചെയ്യാനാകൂവെന്ന് കാടുവെട്ട് തൊഴിലാളിയായ കീഴാറ്റൂർ വട്ടാടിയിൽ ലതീഷ് പറഞ്ഞു. ഇതുകഴിഞ്ഞാൽ ജോലി നിർത്തിവയ്ക്കുകയോ വീണ്ടും നിറയ്‌ക്കാൻ പോകുകയോ വേണം. ഇതിനാൽ പലരും ജോലി നിർത്തിയിരിക്കുകയാണ്. ചിലർ വാഹനത്തിൽ എണ്ണയടിച്ച് അതിൽനിന്നും മാറ്റിയാണ് തൊഴിൽ ചെയ്യുന്നത്. എണ്ണ കഴിഞ്ഞ് വഴിയിൽ കുടുങ്ങുന്ന വാഹന യാത്രക്കാരുടെ ദുരിതവും ചെറുതല്ല. വാഹനം വഴിയിലിട്ട് മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ. പമ്പിലെത്തി സാഹചര്യം അറിയിച്ചാലും ജീവനക്കാർ കൈമലർത്തുകയാണ്. ഇത് പലപ്പോഴും വഴക്കിലേക്കും സംഘർഷത്തിലേക്കും എത്തുന്നു. കഴിഞ്ഞ ദിവസം രാത്രി മേലാറ്റൂരിലെ ഒരു പമ്പിൽ ഇത്തരത്തിൽ സംഘർഷമുണ്ടാവുകയും പമ്പ് അടച്ചിടേണ്ടിവരികയുംചെയ്‌തു. മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസർ പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകളിലേക്കുപോലും ഇന്ധനം നൽകുന്നില്ലെന്നും പരാതിയുണ്ട്. ഏജൻസികളിൽനിന്നുള്ള കർശന നിർദേശത്തിലാണ് ഇപ്പോൾ ഇന്ധനം ഇത്തരത്തിൽ നൽകാത്തതെന്നാണ് പമ്പ് ഉടമകൾ പറയുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.











0 comments