Deshabhimani

കോൺഗ്രസ്‌ – ലീഗ്‌ വടംവലിയിൽ ബിപിസി നിയമനം നീളുന്നു

ബിആർസികൾ അവതാളത്തിൽ

a
avatar
സ്വന്തം ലേഖകൻ

Published on Oct 01, 2026, 01:29 AM | 1 min read

എടക്കര

യുഡിഎഫിലെ ഗ്രൂപ്പ്‌ പോരും ചേരിതിരിഞ്ഞുള്ള വടംവലിയും കാരണം ജില്ലയിലെ ബിആർസികളിൽ പ്രോജക്ട് കോ ഓർഡിനേറ്റർ നിയമനം അനന്തമായി നീളുന്നു. കരട് പട്ടിക ചോർന്നതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങൾ പിടിച്ചടക്കിയതായി വിവരം പുറത്തായത്. വകുപ്പ്‌ ലീഗിനാണെങ്കിലും പലയിടത്തും കോൺഗ്രസും പിടിമുറുക്കിയതോടെയാണ്‌ ബിപിസി നിയമനം നടക്കാത്തത്‌. സ്വന്തക്കാരെ നിയമിക്കാനായി യോഗ്യതയിൽ വെള്ളംചേർത്തിട്ടും നിയമനത്തിനായുള്ള ലിസ്‌റ്റ്‌ അന്തിമമാക്കാനായിട്ടില്ല. കോൺഗ്രസിലെയും ലീഗിലെയും നേതാക്കൾക്ക്‌ താൽപ്പര്യമുള്ള രണ്ടും മൂന്നും പേർ ഒരേ ബിആർസികളിൽ കണ്ണുവച്ചതും നിയമനം കീറാമുട്ടിയാക്കി.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെയാണ്‌ നേരത്തേ ബിപിസിയായി നിയമിച്ചിരുന്നത്‌. യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഹൈസ്‌കൂൾ അധ്യാപകർക്കും ബിപിസിയായി നിയമനം ലഭിക്കും. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽതന്നെ ഭരണാനുകൂല ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾക്ക് കടുത്ത പ്രതിഷേധമുണ്ട്. രണ്ടാഴ്ചമുമ്പാണ് കരട് പട്ടിക തയ്യാറാക്കിയത്. ഇത്‌ ചോർന്നതോടെ തമ്മിലടി രൂക്ഷമായി. മന്ത്രി എ പി അനിൽ കുമാർ നിർദേശിച്ചയാളെ വെട്ടിയാണ്‌ വണ്ടൂർ ബിപിസി സ്ഥാനം മുസ്ലിംലീഗ് പിടിച്ചത്‌. ഡിസിസി നേതൃത്വത്തെ വെട്ടി നിലന്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ നോമിനിയാണ്‌ സ്ഥാനമുറപ്പിച്ചത്‌. അഞ്ചച്ചവിടി സ്കൂളിലെ അധ്യാപകൻ മുസ്ലിംലീഗ് നോമിനിയായി വണ്ടൂർ ബിപിസിയാകുമെന്നാണ്‌ സൂചന. പെരിന്തൽമണ്ണ ബിആർസിയിൽ ട്രെയിനറായി എംഎൽഎയുടെ ഭാര്യയെയാണ്‌ നിയമിക്കുന്നത്‌. സ്വന്തം മണ്ഡലത്തിലേക്ക് കുടുംബസമേതം താമസംമാറ്റുന്നതിനാണിത്.

ബിപിസി നിയമനം വൈകുന്നതിനാൽ അധ്യാപക പരിശീലനവും ബിആർസികളുടെ പ്രവർത്തനവും അവതാളത്തിലാണ്‌. നിരന്തര പരിശീലനത്തിലൂടെയും മേൽനോട്ടത്തിലൂടെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ബിആർസികളാണ്. ബിപിസികളാണ് ബിആർസികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ട്രെയിനർമാരുടെ നിയമനവും നടന്നിട്ടില്ല. അധ്യാപകർക്കായുള്ള ക്ലസ്റ്റർ യോഗങ്ങൾ, പരിശീലനം, വിക്ടേഴ്സ്, ഡിജിറ്റൽ ക്ലാസുകളുടെ ഏകോപനം, ഭിന്നശേഷി വിദ്യാർഥികൾക്കായി റിസോഴ്സ് അധ്യാപകരുടെ സേവനവും ഫിസിയോതെറാപ്പിയും പ്രത്യേക പരിശീലനവും ഉറപ്പാക്കൽ, കേന്ദ്ര– സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന വികസന ഫണ്ടുകൾ നടപ്പാക്കൽ എന്നിവ ബിപിസികളുടെ മുഖ്യ ചുമതലയാണ്. ബിപിസിമാരില്ലാത്തതിനാൽ ദൈനംദിന പ്രവർത്തനവും ട്രെയ്നിങ് കലണ്ടറുകളുടെ ആസൂത്രണവും താളംതെറ്റി. വിദ്യാർഥികൾക്കുള്ള വിവിധ ധനസഹായ വിതരണവും നിലച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്‌ഠിച്ചവരെ സർക്കാർ മാറിയതിനുപിന്നാലെ ഒഴിവാക്കിയതാണ്‌ വിനയായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home