ദുരിതംപേറുന്നവരോട് വഞ്ചന

പി എ സജീഷ്
പൊന്നാനി
കടൽക്ഷോഭത്തിൽ വീട് തകർന്ന കുടുംബങ്ങൾക്ക് വാടകവീടൊരുക്കുമൊന്നും വാടക നൽകുമെന്നും കെ പി നൗഷാദലി എംഎൽഎ പറഞ്ഞത് ആഗസ്ത് രണ്ടിനാണ്. കടലാക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിച്ചശേഷമായിരുന്നു പ്രഖ്യാപനം. എംഎൽഎയുടെ വാക്കും കേട്ട് തകർന്ന വീട്ടിൽനിന്നും കിട്ടിയതെല്ലാം കൈയിലെടുത്ത് ദുരിതബാധിതർ വാടക വീട്ടിൽ അഭയം തേടിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഇതുവരെ വാടക നൽകിയില്ല എന്നുമാത്രമല്ല ആശ്വാസം നൽകാൻപോലും എംഎൽഎ തയ്യാറായില്ലെന്നാണ് ആക്ഷേപം. കടൽക്കലിയിൽ സർവതും തകർന്ന കുടുംബം ക്യാമ്പുകളിലോ ബന്ധുവീടുകളിലോ അഭയം തേടേണ്ട അവസ്ഥയിൽനിന്ന് എംഎൽഎ നൽകിയ ഉറപ്പിലാണ് വാടക വീട്ടിലെത്തിയത്. രൂക്ഷമായ കടൽ ക്ഷോഭത്തിൽ മൂന്ന് വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും തകർന്നിരുന്നു. നാല് കുടുംബങ്ങളും വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ ഭാഗികമായി തകർന്ന വീട്ടിലേക്ക് മറ്റ് ഗതിയില്ലാതെ ആ കുടുംബം തിരിച്ചെത്തി. മറ്റ് മൂന്ന് കുടുംബവും വാടക വീട്ടിലാണ് താമസം. വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും പ്രവൃത്തി മറ്റൊന്നുമാവുകയും ചെയ്യുന്നത് മത്സ്യതൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണെന്നും വാക്ക് പാലിക്കാൻ എംഎൽഎ തയ്യാറാവണമെന്നും നാട്ടുകാർ പറയുന്നു. മഴക്കാലത്തിനുമുമ്പ് വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കടൽ കൂടുതൽ രൂക്ഷമാവുന്ന പ്രദേശത്ത് ഒരുകോടിയോളം ചെലവിൽ കടൽഭിത്തി നിർമിക്കുമെന്ന ഉറപ്പും പാഴ്വാക്കായി. അടുത്ത മഴക്കാലത്തിനുമുമ്പും കടൽഭിത്തിയുണ്ടാവില്ലെന്ന് എംഎൽഎതന്നെ പറയുന്നു. കടൽഭിത്തി നിർമിക്കാൻ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ മൂന്ന് കോടിയുടെ പദ്ധതിക്ക് ഇതുവരെയും സർക്കാർ ഭരണാനുമതി നൽകിയിട്ടില്ല.
എൽഡിഎഫ് സർക്കാർ 10 കോടിയുടെ കടൽഭിത്തി പൂർത്തീകരിച്ചു
പൊന്നാനി
താലൂക്കിലെ പാലപ്പെട്ടി, വെളിയങ്കോട്, പൊന്നാനി എന്നിവിടങ്ങളിലായി 1084 മീറ്റർ കടൽഭിത്തി നിർമിക്കാന്‍ 10 കോടിയുടെ പദ്ധതിക്കാണ് എൽഡിഎഫ് സർക്കാർ ടെൻഡർ നൽകിയത്. പൊന്നാനി നഗരസഭയിലെ അലിയാർ പള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമായി മൂന്ന് റീച്ചുകളായാണ് കടൽഭിത്തി നിർമിച്ചത്. മുൻ എംഎൽഎ പി നന്ദകുമാറിന്റെ ഇടപെടലിനെ തുടർന്നായിരുന്നു സർക്കാർ നടപടി.








0 comments