ad
Deshabhimani

ഐഷി ഘോഷിന്‌ കലിക്കറ്റിലും വേദി നിഷേധിക്കാൻ ശ്രമം

a
വെബ് ഡെസ്ക്

Published on Aug 19, 2026, 12:19 AM | 1 min read

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം

ഡൽഹി സമരനായിക ഐഷി ഘോഷിന് കലിക്കറ്റ് സർവകലാശാലയിലും വേദി നിഷേധിക്കാൻ ശ്രമം. വിദ്യാർഥികളുടെ പ്രതിഷേധം ഭയന്ന് അവസാന നിമിഷം സെമിനാർ ഹാൾ അനുവദിച്ചു. ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ മാഗസിൻ പ്രകാശനത്തിനാണ് ചൊവ്വാഴ്ച ഐഷി ഘോഷ് കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ എത്തിയത്. ഡിഎസ്‌യു ആഭിമുഖ്യത്തിൽ പരിപാടിക്ക് ഇ എം എസ് സെമിനാർ കോംപ്ലക്സ് അനുവദിക്കണമെന്ന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒക്ടോബർ ആറുവരെ ഡിഎസ്‌യുവിന് ഹാൾ നൽകേണ്ടെന്ന് പ്രോ വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദ് ഉത്തരവിറക്കി. മുസ്ലിംലീഗ് അനുകൂല സംഘടനാ നേതാവുകൂടിയായ റഷീദ് അഹമ്മദ് ഇതിന് കാരണമായി ഫയലിൽ എഴുതിയത് ഒക്ടോബറിൽ നടക്കാൻ സാധ്യതയുള്ള കോൺവെക്കേഷനാണ്. മറ്റ്‌ മൂന്ന് സ്ഥലങ്ങൾ ഒഴിവുണ്ടെങ്കിൽ അനുവദിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു. ഒക്ടോബറിൽ നടക്കുന്ന പരിപാടിയുടെ പേരിൽ സെമിനാർ കോംപ്ലക്സ് നിഷേധിച്ചതോടെ ഡിഎസ്‌യു ഭാരവാഹികൾ ചൊവ്വ രാവിലെമുതൽ ഭരണ വിഭാഗത്തിലെത്തി പ്രതിഷേധമുയർത്തി. വൈകിട്ട് നാലോടെയാണ് ഇ എം എസ് സെമിനാർ കോംപ്ലക്സ് നൽകാമെന്ന ഉറപ്പ് ലഭിച്ചത്. വൈകിട്ട് അഞ്ചോടെ ഉത്തരവിറക്കി. ബിജെപി അനുകൂല ജീവനക്കാരുടെ സംഘടനയായ കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്റർ സംഘടിപ്പിച്ച വിഭജനഭീതി സ്മൃതിദിന സെമിനാറിന് പിവിസി ഉൾപ്പടെയുള്ളവർ ഒരു വിയോജിപ്പും രേഖപ്പെടുത്താതെ വേദി അനുവദിച്ചിരുന്നു. ഡിഎസ്‌യുവിന് സെമിനാർ കോപ്ലംക്സ് നിഷേധിക്കുന്നത്‌ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണെന്ന ആക്ഷേപം ശക്തമാണ്‌. വൈസ് ചാൻസലറോടൊപ്പം പ്രോ വൈസ് ചാൻസലർ തിരുവനന്തപുരത്തെത്തി അടുത്തിടെ ചാൻസലറെ സന്ദർശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home