ad
Deshabhimani

കരഞ്ഞു, താനൂരിലെ ജപ്പാൻ ഹൗസും

A house and its family in Tanur cried when Japan was eliminated.

താനൂർ ജപ്പാൻ ഹൗസിൽ വീട്ടുകാർ ജപ്പാന്റെ കളി കാണുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 12:02 AM | 1 min read

താനൂർ

ഫിഫ ലോകകപ്പ് നോക്ക‍ൗട്ടിൽ ബ്രസീലിനോട്‌ അവസാനംനിമിഷംവരെ പൊരുതി ജപ്പാൻ പുറത്തായപ്പോൾ കരഞ്ഞ്‌ താനൂരിലെ ഒരു വീടും വീട്ടുകാരും. നടക്കാവിലെ ജപ്പാൻ വീടാണ്‌ കഴിഞ്ഞദിവസം സങ്കടക്കയത്തിലായത്‌. ഇ‍ൗ വീട്ടിലെ എല്ലാവരും ജപ്പാൻ ടീമിന്റെ കടുത്ത ആരാധകരാണ്‌. വര്‍ഷങ്ങള്‍ നീണ്ട ജപ്പാന്‍ ബന്ധത്തിന്റെകൂടി കഥയാണ് ഈ ആരാധനയ്‌ക്കുപിന്നില്‍. നടക്കാവ് പള്ളിക്കുസമീപമാണ് ജപ്പാന്‍ ഹൗസ്. വീട്ടിലെ മുതിര്‍ന്ന അംഗം കെ വി അബ്ദുള്‍ നാസറും കുടുംബാംഗങ്ങളും ബിസിനസ് ആവശ്യങ്ങൾക്കായി വര്‍ഷങ്ങളോളം ജപ്പാനിലായിരുന്നു. അന്നം തന്ന നാടിനോടുള്ള കരുതലിൽ നാസറിനൊപ്പം വീട്ടുകാരെല്ലാം ജപ്പാന്‍ ആരാധകരായി. ജപ്പാനുമായുള്ള ആത്മബന്ധത്തിന്റെ ബാക്കിപത്രമെന്നോണം വീടിന് ജപ്പാന്‍ ഹൗസ് എന്ന് പേരിടുകയായിരുന്നു. ജപ്പാന്റെ കളി എല്ലാവരും ഒരുമിച്ചിരുന്നാണ് കാണാറ്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ജപ്പാനില്‍ ഫുട്‌ബോള്‍ ആവേശം തുടങ്ങിയതെന്നാണ് നാസറിന്റെ ഓര്‍മ. അതുവരെ ബേസ്ബോളായിരുന്നു ജപ്പാന്‍കാരുടെ ഇഷ്ടവിനോദം. 2002ല്‍ ദക്ഷിണ കൊറിയക്കൊപ്പം ലോകകപ്പിന്റെ സംയുക്ത ആതിഥേയരായി മാറിയതോടെ ജപ്പാനും ഫുട്‌ബോള്‍ ലോകത്തേക്ക് കടക്കുകയായിരുന്നു. 2002ലെ ലോകകപ്പ് നടക്കുമ്പോള്‍ ജപ്പാനിലായിരുന്ന നാസര്‍ അന്നു ചില മത്സരങ്ങൾ കണ്ട ഓർമയും പങ്കുവച്ചു. ജപ്പാന്‍ സുഹൃത്തുക്കള്‍ വിശേഷാവസരങ്ങളിലെല്ലാം താനൂരിലെ ജപ്പാന്‍ ഹൗസിലെത്താറുണ്ടെന്നും നാസര്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home