ചൂരൽമല ദുരന്തം
കണ്ണീരൊഴുകിയ ചാലിയാർ

വി കെ ഷാനവാസ്
Published on Jul 30, 2025, 12:23 AM | 1 min read
എടക്കര
ശാന്തമായൊഴുകുന്ന ചാലിയാറിന്റെ അടിത്തട്ടില്‍ പോയകാലത്തിന്റെ കണ്ണീര്‍നനവുകള്‍ തടംകെട്ടിനില്‍പ്പുണ്ട്. അന്നൊരു പുലര്‍കാലെ സൂചിപ്പാറയ്ക്കപ്പുറം പുഞ്ചിരിമട്ടത്ത് ഉള്ളുപൊട്ടിയ ഇരുവഴിഞ്ഞിപ്പുഴ ചാലിയാറിലേക്ക് വഴിമാറിയത് സങ്കടക്കടലായാണ്. ഹൃദയംപൊട്ടിയ മഹാദുരന്തത്തിന്റെ ശേഷിപ്പുകള്‍ തീരത്ത് ബാക്കിയാക്കി ചാലിയാര്‍ പിന്നെയുമൊഴുകി. ഒരു നാടിനെ ഇല്ലാതാക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിന് ഒരുവര്‍ഷമാകുമ്പോള്‍, ചാലിയാറിനോരത്ത് കണ്ണീരോര്‍മകളുടെ കുളിര്‍ക്കാറ്റ് ബാക്കിയാകുന്നു. വയനാട് ഉരുള്‍പൊട്ടിയതിന്റെ ഞെട്ടലുമായാണ് അന്ന് ചാലിയാറൊഴുകിയത്. മണ്ണിനടിയിലായ നൂറുകണക്കിന് മനുഷ്യര്‍ മലവെള്ളത്തിനൊപ്പം ഒഴുകിയെത്തി. ഉരുൾപൊട്ടി മണിക്കൂറുകൾക്കകം പോത്തുകല്ല് പഞ്ചായത്തിലെ കുനിപ്പാലയിൽ ചാലിയാറിന് തീരത്ത് മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ ആശങ്ക പടർന്നു. പിന്നാലെ തീരങ്ങളില്‍ പലയിടത്തായി ശരീരഭാഗങ്ങൾ കണ്ടെത്തി. ഉരുള്‍പൊട്ടലിന്റെ ഞെട്ടലിലായിരുന്ന നാട്, ചാലിയാറിലും മൃതദേഹം കിട്ടിയെന്ന വാര്‍ത്ത കേട്ടതോടെ ഒറ്റക്കെട്ടായി തിരച്ചിലിനിറങ്ങി. എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് സംഘങ്ങള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് ഉള്‍പ്പെടെയുള്ള സംഘടനകളും തിരച്ചിലിന്റെ ഭാഗമായി. കനത്ത മഴയെയും കൂസാതെ അവര്‍ ചാലിയാര്‍ കടന്ന് മുണ്ടേരി വനത്തില്‍ തിരച്ചില്‍ നടത്തി. പോത്തുകല്ല് പഞ്ചായത്തും ആരോഗ്യവകുപ്പും സര്‍വസജ്ജമായി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുത്ത് ഇരുട്ടുകുത്തിക്കടവിലെത്തിച്ചു. ഇവിടെനിന്ന് നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാഴ്‌ച തുടർച്ചയായി തിരച്ചിൽ, പല ദിവസങ്ങളിലും ആയിരത്തിലധികംപേർ പങ്കെടുത്തു. കൊടുങ്കാട്ടിൽ സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ വാഴക്കാടുവരെ 80 കിലോമീറ്ററിലധികം ഒരേസമയം തിരച്ചിൽ നടന്നു. 30 കിലോമീറ്ററിലധികം നടന്നാണ് ദൗത്യസംഘങ്ങള്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഒരുമാസത്തോളം നീണ്ട തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് 80 മൃതദേഹവും 177 ശരീരഭാഗങ്ങളും കണ്ടുകിട്ടി. ഇതില്‍ 44 പുരുഷന്മാരും 32 സ്ത്രീകളും മൂന്ന് ആൺകുട്ടികളും നാല് പെൺകുട്ടികളുമുണ്ടെന്ന് തിരിച്ചറിഞ്ഞു. നിലമ്പൂർ താലൂക്ക് ആശുപത്രിയിലും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുമായിരുന്നു പോസ്റ്റുമോർട്ടം. ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ പലതും തിരിച്ചറിഞ്ഞത് ആഭരണങ്ങളും അടയാളങ്ങളും നോക്കിയായിരുന്നു.










0 comments