സർവസജ്ജം ആർആർടി

കരുവാരകുണ്ട് കേരള മദാരിയില്‍ കടുവയുടെ സാന്നിധ്യമുള്ള സ്ഥലത്ത് ആര്‍ആര്‍ടി തെരച്ചില്‍ നടത്തുന്നു (ഫയല്‍ചിത്രം)
വി കെ ഷാനവാസ്
Published on Jun 14, 2025, 12:30 AM | 1 min read
എടക്കര
കാടിറങ്ങുന്ന മൃഗങ്ങളെ തടയാൻ റാപ്പിഡ് റെസ്‌പോൺസ് ടീം സജ്ജം. നിലമ്പൂരിൽ രണ്ട് ആർആർടിയാണ് എൽഡിഎഫ് സർക്കാർ അനുവദിച്ചത്. 2011ൽ നിലമ്പൂർ നോർത്ത് ഡിവിഷനിലും 2024ൽ സൗത്ത് ഡിവിഷനിലും സേനയെ വിന്യസിച്ചു. ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങൾ വനവുമായി അതിർത്തി പങ്കിടുന്നതിനാൽ വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, അഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഒരു റിസർവ് ഫോറസ്റ്റ് വാച്ചർ, ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് ആർആർടിയിലുള്ളത്. വന്യജീവി സംഘർഷ മേഖല നിരീക്ഷിക്കുക, രണ്ടാഴ്‌ചയിലൊരിക്കൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കുക, പ്രശ്നക്കാരായ മൃഗങ്ങളുടെ സഞ്ചാരപഥം നിരീക്ഷിച്ച് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുക, പരിക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ മൃഗങ്ങളുടെ രക്ഷാപ്രവർത്തനവും പുനരധിവാസവും നടത്തുക, വന്യമൃഗങ്ങൾക്ക് റേഡിയോ കോളർ ഘടിപ്പിക്കുക, പിടികൂടുന്ന വന്യജീവികളെ മാറ്റി പാർപ്പിക്കുന്നതിന് വെറ്ററിനറി ഡോക്‌ടർമാരെ സഹായിക്കുക, ജനജാഗ്രതാ സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ആർആർടിയുടെ പ്രവർത്തനം. വന്യമൃഗങ്ങളെ നേരിടാൻ സർവസജ്ജമാണ് സംഘം. ക്യാമ്പർ ജീപ്പ്, മൂന്ന് പ്ലാസ്റ്റിക് പെല്ലറ്റ്, സെർച്ച് ലൈറ്റ്, പോർട്ടബിൾ ജനറേറ്റർ, ഡൈനാമിക് ക്ലൈമ്പിങ് റോപ്പ്, ആന്റിയർട്ട് ഹെൽമറ്റ്, റാക്ക്സാക്ക്, റൈഫിൾ, സ്ലീപ്പിങ് ബാഗ്, ബുള്ളറ്റുകൾ, സ്‌നേക് ക്യാച്ചർ, നൈലോൺ വല, ഹെഡ് ലാമ്പ്, എൽഇഡി ഫ്ലഡ്‌ലൈറ്റ്, ലോങ് ഹാൻഡിൽ കത്തി, ഇക്കോ ടോംഗ്സ് സ്‌നേക് ക്യാച്ചർ, സ്‌നേക് ഹുക്ക്, ഇരുമ്പ് കൂടുകൾ, സ്‌നേക് ക്യാച്ചർ സ്‌നേക് ടോങ്, അലുമിനിയം സ്‌നേക് ക്യാച്ചർ, കെണിക്കൂട് തുടങ്ങിയവ ആർആർടി സംഘത്തിന്റെ കൈവശമുണ്ട്.










0 comments