കരിയുന്നു കൃഷിയും

കടുത്ത ചൂടിൽ ഉണങ്ങി നശിച്ച വഴിക്കടവ് മാമ്മൂട്ടിൽ ശാന്തമ്മയുടെ കൃഷിയിടം
വി കെ ഷാനവാസ്
Published on Apr 20, 2026, 12:15 AM | 1 min read
എടക്കര
കടുത്ത വേനലിൽ മലയോര മേഖലയിൽ കൃഷികൾ ഉണങ്ങി നശിക്കുന്നു. നെൽക്കതിരുകൾ, തെങ്ങ്, കമുങ്ങ്, വാഴ, ഇടവിള കൃഷികൾ, പച്ചക്കറി കൃഷികൾ എന്നിവയാണ് പ്രധാനമായും ഉണങ്ങി നശിക്കുന്നത്. ദിവസവും കൂടുന്ന ചൂടും ജലക്ഷാമവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. വഴിക്കടവ് പഞ്ചായത്തിലെ മണൽപ്പാടം, കമ്പളക്കല്ല് വാർഡുകളിലുൾപ്പെടുന്ന പ്രദേശത്തെ കൃഷിയിടങ്ങളിലെ വിളകൾ പാടെ ഉണങ്ങി നശിച്ചു. കായ്‌ഫലമുള്ള ദീർഘ, ഹ്രസ്വകാല വിളകളിൽ എല്ലാം ഉണക്കം ബാധിച്ചു. മിക്ക കൃഷിയിടങ്ങളിലെയും തെങ്ങും കമുകും വാഴകളും നിലംപതിച്ചിട്ടുമുണ്ട്. അര ഏക്കർ മുതൽ അഞ്ചു ഏക്കർവരെ കൃഷി നാശം സംഭവിച്ച കർഷകരുണ്ട്. പൂളക്കുന്ന്, മണൽപ്പാടം, കമ്പളക്കല്ല് തുടങ്ങിയ പ്രദേശങ്ങളിൽ കാരക്കോടൻ പുഴയിൽനിന്ന് കനാൽ വഴി വെള്ളമെത്തിച്ചാണ് കൃഷി നടത്തിയിരുന്നത്. മൂന്ന് വർഷം മുന്പുണ്ടായ പ്രളയത്തിൽ ഓടത്തോടിനു മുകളിൽ നിർമിച്ച കോൺക്രീറ്റ് പാത്തി തകർന്നതോടെ ജലസേചനം മുടങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷം കർഷകർ സ്വന്തം ചെലവിൽ തകരപ്പാത്തി വച്ച് ആവും വിധത്തിൽ വെള്ളമെത്തിച്ച് കൃഷി ഉണങ്ങാതെ പിടിച്ചുനിർത്തി. ഇത്തവണ തകരപ്പാത്തി വയ്ക്കാനും സാധിക്കാത്ത സ്ഥിതിയാണ്. 35 മീറ്ററോളം നീളത്തിലുള്ള തകർന്ന പാത്തി പുനർനിർമിക്കാൻ മൂന്ന് വർഷമായിട്ടും പഞ്ചായത്തും നടപടി സ്വീകരിച്ചിട്ടില്ല. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് അധികൃതർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുകല്ലാതെ പ്രവൃത്തി തുടങ്ങുന്നില്ലെന്ന് കർഷകർ പറയുന്നു. കൃഷിയിടങ്ങളിലേക്കെത്തിയിരുന്ന വെള്ളം നിലച്ചതോടെ പ്രദേശത്തെ കിണറുകളിലും വെള്ളം വറ്റിയിട്ടുണ്ട്. അക്കരക്കുന്ന് എസ് സി നഗറിലെ പത്തോളം കുടുംബങ്ങൾ സമീപത്തെ കൃഷിയിടത്തിലെ കിണറ്റിലെ വെള്ളമാണ് ആശ്രയിച്ചിരുന്നത്. ഈ കുടുംബങ്ങൾ ഭക്ഷണം പാകംചെയ്യാൻ പോലും വെള്ളംകിട്ടാതെ ദുരിതത്തിലായിരിക്കയാണ്. വരൾച്ച കാരണം ചെറിയ തോടുകളിൽ വെള്ളം പൂർണമായി വറ്റി വരണ്ടു.










0 comments