ad
Deshabhimani

പാതമുതല്‍ ക്വാര്‍ട്ടേഴ്സുവരെ

റെയില്‍വേ ആസ്തികള്‍ മൈസൂരുവിലേക്ക്

a
avatar
എം സനോജ്

Published on Sep 12, 2026, 01:15 AM | 2 min read

നിലമ്പൂർ

പാലക്കാട് ഡിവിഷന്റെ അധികാരപരിധിയിലുള്ള മംഗലാപുര (മംഗളൂരു)ത്തെ മൈസൂരുവിലേക്ക്‌ മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കി റെയില്‍വേ. വിശദമായ കൈമാറ്റ റിപ്പോർട്ട് തയ്യാറായി. 115.454 കിലോമീറ്റർ റെയിൽപ്പാതയും നിരവധി പ്രധാന റെയിൽവേ ആസ്തികളും മൈസൂരു ഡിവിഷന്റെ പരിധിയിലേക്ക് പോകും. കൈമാറ്റംചെയ്യപ്പെടുന്ന പാതയിൽ 83.035 കിലോമീറ്റർ പ്രധാന പാതയും 32.419 കിലോമീറ്റർ അനുബന്ധ പാതകളുമുണ്ട്.

​​168 പാലങ്ങൾ ഉൾപ്പെടെ വൻ ആസ്തികൾ

കൈമാറ്റ പട്ടികയിൽ 17 വലിയ പാലങ്ങൾ, 137 ചെറിയ പാലങ്ങൾ, രണ്ട് പ്രധാനപ്പെട്ട പാലങ്ങൾ, 12 കാൽനട -റോഡ് മേൽപ്പാലങ്ങൾ ഉൾപ്പെടെ 168 പാലങ്ങളുണ്ട്. ഇതിനുപുറമെ 50 സ്വിച്ച് എക്സ്പാന്‍ഷന്‍ ജോയിന്റ്‌ വിഭാഗങ്ങൾ, 26 നീണ്ട തുടർച്ചയായ പാതകൾ, 161 പാതമാറ്റ സംവിധാനങ്ങളും ക്രോസിങ്ങുകളും, 92 വളവുകൾ, അഞ്ച് ലെവൽ ക്രോസിങ്ങുകൾ, രണ്ട് തുരങ്കങ്ങൾ എന്നിവയും മൈസൂരു ഡിവിഷന്റെ പരിധിയിലാകും. നിലവിൽ പാലക്കാട് ഡിവിഷന്റെ കീഴിൽ നടന്നുവരുന്ന നിർമാണ പദ്ധതികളിൽ 28.5 കോടി രൂപയുടെ പ്രവൃത്തികളും, മറ്റ് നിലവിലുള്ള കരാറുകൾ ഉൾപ്പെടെ 50 കോടിയിലധികം രൂപയുടെ പ്രവൃത്തികളും കൈമാറ്റ പരിധിയിൽ വരും.

മാറ്റം ​ജീവനക്കാരിലും നിർമാണ വിഭാഗത്തിലും

മംഗളൂരു റെയിൽപ്പാത പരിപാലന വിഭാഗത്തിൽ 212 തസ്തികകൾ അനുവദിച്ചിട്ടുള്ളതിൽ 168 ജീവനക്കാരാണുള്ളത്. 44 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ആസ്തികൾ കൈമാറുന്നതിനനുസരിച്ച് ബന്ധപ്പെട്ട തസ്തികകളും മൈസൂരു ഡിവിഷനിലേക്ക് മാറ്റും. ഇതിൽ 76 ജീവനക്കാർ പാലക്കാട് ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ തുടരാൻ സന്നദ്ധത അറിയിച്ചപ്പോൾ 84 പേർ മൈസൂരു ഉൾപ്പെടുന്ന ദക്ഷിണ പശ്ചിമ റെയിൽവേയിലേക്ക് പോകാൻ സന്നദ്ധത അറിയിച്ചു. അഞ്ചുപേർ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിർമാണ വിഭാഗത്തിന്റെ അധികാരപരിധിയിലെ 185.89 ട്രാക്ക് കിലോമീറ്ററും (ആകെ പരിധിയുടെ 47 ശതമാനം) മൈസൂരുവിലേക്ക് മാറ്റും.

​കെട്ടിടങ്ങളും ഭൂരേഖകളും കൈമാറ്റത്തിൽ

38 സേവന കെട്ടിടങ്ങളും 355 ക്വാർട്ടേഴ്സുകളും ഉൾപ്പെടെ 393 കെട്ടിട- താമസ യൂണിറ്റുകൾ മൈസൂരു ഡിവിഷന് കൈമാറും. ഇതിനുപുറമെ അഞ്ച് കാല്‍നട മേൽപ്പാലങ്ങൾ, അഞ്ച് ഭൂജലസംഭരണികൾ, മൂന്ന് ഉയർന്ന ജലസംഭരണികൾ, ഏഴ് തുറന്ന കിണറുകൾ തുടങ്ങിയ ആസ്തികളും കൈമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവുമായി ബന്ധപ്പെട്ട വിവിധ ഭൂമി- കരാർ രേഖകളും പുതിയ ഡിവിഷന്റെ നിയന്ത്രണത്തിലേക്ക് മാറ്റും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home