നഷ്ടം നികത്താൻ വിദ്യാർഥികളെ പിഴിയുന്നു
സ്വകാര്യ ബസുകളിൽ കൺസെഷൻ നിരക്ക് തോന്നിയപടി; സർക്കാർ നിരക്കിനേക്കാൾ നാലിരട്ടി വരെ ഈടാക്കുന്നു

എം സനോജ്
Published on Sep 26, 2026, 10:12 PM | 2 min read
നിലമ്പൂർ: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്ത്രീയാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വരുമാന നഷ്ടം നികത്താൻ വിദ്യാർഥികളിൽ നിന്ന് സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച നിരക്കിന് പകരം കിലോമീറ്ററിന് അഞ്ചുരൂപ വരെ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നതായാണ് പരാതി. സർക്കാർ നിശ്ചയിച്ച നിരക്കിന്റെ നാലിരട്ടി വരെയാണ് ചിലയിടങ്ങളിൽ ഈടാക്കുന്നത്.
വിദ്യാർഥികളുടെ യാത്രാനിരക്ക്, ഫെയർ സ്റ്റേജ്, യാത്രാദൂരം എന്നിവ വ്യക്തമാക്കി സർക്കാർ 2022 മേയിൽ ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ആദ്യത്തെ 2.5 കിലോമീറ്റർ വരെയുള്ള ഫെയർ സ്റ്റേജിന് ഒരു രൂപയാണ് വിദ്യാർഥി നിരക്ക്. അഞ്ച് കിലോമീറ്റർ വരെയുള്ള രണ്ടാം സ്റ്റേജിനും 7.5 കിലോമീറ്റർ വരെയുള്ള മൂന്നാം സ്റ്റേജിനും രണ്ട് രൂപ വീതം നൽകണം. 10 മുതൽ 17.5 കിലോമീറ്റർ വരെയുള്ള അടുത്ത നാല് സ്റ്റേജുകൾക്ക് മൂന്ന് രൂപയും 20 മുതൽ 27.5 കിലോമീറ്റർ വരെയുള്ള നാല് സ്റ്റേജുകൾക്ക് നാല് രൂപയുമാണ് നിരക്ക്.
30 മുതൽ 37.5 കിലോമീറ്റർ വരെയുള്ള ഫെയർ സ്റ്റേജുകൾക്ക് അഞ്ച് രൂപയും പരമാവധി 40 കിലോമീറ്റർ ദൂരമുള്ള 16-ാം ഫെയർ സ്റ്റേജിന് ആറ് രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പല സ്വകാര്യ ബസുകളിലും കിലോമീറ്ററിന് മിനിമം അഞ്ച് രൂപ വരെ വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നതായാണ് പരാതി. 7.5 കിലോമീറ്റർ ദൂരത്തിന് 10 മുതൽ 15 രൂപ വരെ നൽകേണ്ടിവരുന്ന സാഹചര്യവുമുണ്ട്. ആവശ്യപ്പെടുന്ന നിരക്ക് നൽകാത്ത വിദ്യാർഥികളെ ബസിൽ കയറ്റാത്ത സംഭവങ്ങളും ഉണ്ടാകുന്നു. സ്കൂളുകളിലും കോളേജുകളിലും എത്തുന്നതിനായി അധിക തുക നൽകേണ്ടിവന്നാലും വിദ്യാർഥികൾ യാത്ര തുടരാൻ നിർബന്ധിതരാകുകയാണ്.
സീറ്റും നിഷേധിക്കുന്നു
അമിത നിരക്ക് ഈടാക്കുന്നതിന് പുറമെ വിദ്യാർഥികൾക്ക് സീറ്റിലിരുന്ന് യാത്ര ചെയ്യാനുള്ള അവകാശവും പലപ്പോഴും നിഷേധിക്കുന്നതായി പരാതിയുണ്ട്. കൺസെഷൻ നിരക്ക് നൽകുന്ന വിദ്യാർഥികളെ ബസിൽ കയറ്റാതിരിക്കുകയോ സീറ്റ് നൽകാതിരിക്കുകയോ ചെയ്യുന്നത് പതിവായതായും പരാതിയുണ്ട്. ഒരു വിദ്യാർഥിക്ക് ഒരു വശത്തേക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 40 കിലോമീറ്ററാണ്. കൺസെഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 വയസ്സുമാണ്.
സർക്കാർ നിശ്ചയിച്ച വിദ്യാർഥി നിരക്ക്
ഫെയർ സ്റ്റേജ് | ദൂരം (കിലോമീറ്ററിൽ) | വിദ്യാർഥി നിരക്ക് |
1 | 2.5 | 1 രൂപ |
2 | 5 | 2 രൂപ |
3 | 7.5 | 2 രൂപ |
4 | 10 | 3 രൂപ |
5 | 12.5 | 3 രൂപ |
6 | 15 | 3 രൂപ |
7 | 17.5 | 3 രൂപ |
8 | 20 | 4 രൂപ |
9 | 22.5 | 4 രൂപ |
10 | 25 | 4 രൂപ |
11 | 27.5 | 4 രൂപ |
12 | 30 | 5 രൂപ |
13 | 32.5 | 5 രൂപ |
14 | 35 | 5 രൂപ |
15 | 37.5 | 5 രൂപ |
16 | 40 | 6 രൂപ |
സർക്കാർ ഉത്തരവിൽ നിശ്ചയിച്ച നിരക്കുകൾ നിലവിലിരിക്കെയാണ് സ്വകാര്യ ബസുകളിൽ തോന്നിയപടി നിരക്ക് ഈടാക്കുന്നതെന്നാണ് പരാതി. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കർശനമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.








0 comments