ad
Deshabhimani

കാഞ്ചി വലിച്ചത് വെള്ളിയിലേക്ക്; വിദർശയുടെ മെഡൽ നേട്ടത്തിന് പിന്നിലെ പോരാട്ടം

vidarsha

വിദർശ| Photo:ETV

വെബ് ഡെസ്ക്

Published on Sep 26, 2026, 10:35 PM | 2 min read

നഗോയ : ഏഷ്യൻ ഗെയിംസിന്റെ വലിയ വേദിയിലേക്ക് ആദ്യമായി തോക്കേന്തിയപ്പോൾത്തന്നെ ചരിത്ര താളുകളിൽ ഇടം പിടിക്കുകയാണ് മലയാളി ഷൂട്ടർ വിദർശ കെ വിനോദ്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ രാജ്യത്തിനായി തിളക്കമാർന്ന വെള്ളി മെഡൽ സ്വന്തമാക്കി ഈ കോഴിക്കോടുകാരി വീണ്ടും ഇന്ത്യൻ കായികരംഗത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.


അവസാന റൗണ്ട് വരെ ആവേശം വാനോളമുയർന്ന പോരാട്ടത്തിൽ ആഷി ചൗക്സിയും തിലോത്തമ സെന്നും വിദർശയ്ക്ക് കൂട്ടായെത്തി. ഇത് കേവലം ഒരു മെഡൽ നേട്ടം മാത്രമല്ല. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ മലയാളി വനിതാ ഷൂട്ടർ എന്ന റെക്കോഡും വിദർശ തന്റെ പേരിൽ കൂട്ടിച്ചേർത്തു.


വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും താരം വെള്ളി നേടിയിരുന്നു. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് വ്യക്തിഗത ഇനത്തിലും വിദർശ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. സഹതാരം തിലോത്തമ സെന്നും ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ട്.


വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിൽക്കൂടി മെഡൽ പോഡിയത്തിൽ കയറാനായാൽ, അരങ്ങേറ്റ ഏഷ്യൻ ഗെയിംസിൽ തന്നെ മൂന്ന് ഷൂട്ടിങ് മെഡലുകൾ തികയ്ക്കുന്ന അപൂർവ നേട്ടവും വിദർശയ്ക്ക് സ്വന്തമാകും. നഗോയയിലെ ഷൂട്ടിങ് റേഞ്ചിൽ നിന്നും മലയാളി താരത്തിന്റെ മൂന്നാം മെഡൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ കായികലോകം.


തോക്കെടുത്തത് എൻസിസി ട്രയൽസിലൂടെ


കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണ സ്വദേശിയായ 27കാരി വിദർശ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബിരുദ പഠനത്തിനിടെയാണ് ഷൂട്ടിങ്ങിലേക്ക് എത്തുന്നത്. എൻസിസി ഷൂട്ടിങ് ട്രയൽസിലൂടെയായിരുന്നു തുടക്കം. മികച്ച പ്രകടനത്തിലൂടെ സംസ്ഥാന ടീമിലേക്കും എത്തി. എന്നാൽ സാമ്പത്തിക പ്രതിസന്ധി മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമായി. പിന്നാലെ കോവിഡ് കാലത്ത് ഒരു വർഷത്തോളം ഷൂട്ടിങ് റേഞ്ചിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ഈ കാലയളവിൽ യോഗയിലൂടെയും വ്യായാമത്തിലൂടെയും ശാരീരികക്ഷമത നിലനിർത്തി.


സ്വന്തമായി തോക്കില്ലാതെ പരിശീലനം


സ്വന്തമായി റൈഫിൾ പോലുമില്ലാതെയാണ് വിദർശ മികച്ച ഷൂട്ടറായി വളർന്നത്. മത്സരത്തിനിടെ പരിചയപ്പെട്ട, പിന്നീട് ജീവിതപങ്കാളിയായ ഷൂട്ടിങ് താരം മനു എസ് രവിയുടെ നിർദേശമാണ് വഴിത്തിരിവായത്. സ്വന്തമായി റൈഫിൾ ഇല്ലാതെ പ്രൊഫഷണൽ തലത്തിൽ മുന്നേറുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതോടെ വിദർശ വായ്പയെടുത്ത് റൈഫിൾ സ്വന്തമാക്കി. കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തിനായി ഇരുവരും പിന്നീട് ഡൽഹിയിലേക്ക് മാറി. ഹരിയാന സ്വദേശിയായ മനോജ് കുമാറിന്റെ പരിശീലനവും വിദർശയുടെ വളർച്ചയിൽ നിർണായകമായി.


സർക്കാർ സഹായവും കരുത്തായി


മികച്ച പരിശീലനം ഉറപ്പാക്കുന്നതിനായി 2024ൽ എൽഡിഎഫ് സർക്കാർ അഞ്ച് ലക്ഷം രൂപയുടെ സഹായവും നൽകി. പരിമിതികൾക്കിടയിലും പരിശീലനം തുടർന്ന വിദർശ ഒടുവിൽ ഏഷ്യൻ ഗെയിംസിന്റെ വേദിയിൽ രണ്ട് വെള്ളി മെഡലുകളുമായി കേരളത്തിന്റെ അഭിമാനമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home