ഒമ്പത് വര്‍ഷത്തിനിടെ 250 കോടിയുടെ പദ്ധതികള്‍
കായികവികസനത്തിന് *3 കോടി കൂടി

കായികവികസനത്തിന്
മലപ്പുറം
കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ജില്ലയില്‍ കായികവകുപ്പ് മൂന്നുകോടി രൂപകൂടി അനുവദിച്ചു. തിരൂര്‍ ഗവ. ബോയ്‌സ് എച്ച്എസ്എസില്‍ ഗ്രൗണ്ട് നിര്‍മാണത്തിന് 87.55 ലക്ഷം, തിരൂര്‍ നഗരസഭയിലെ എഴൂര്‍ ഗവ. എച്ച്എസ്എസിന് 93.75 ലക്ഷം, മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കെട്ടിടത്തിന് 1.06 കോടി, താനൂര്‍ മണ്ഡലത്തിലെ ഒഴൂര്‍ ജിയുപി സ്കൂളില്‍ കായിക വകുപ്പ് നിര്‍മിച്ച സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന് അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 23.35 ലക്ഷം രൂപ എന്നിങ്ങനെ നല്‍കും.
വികസനക്കുതിപ്പ്
ഒമ്പത് വര്‍ഷത്തിനിടെ കായികമേഖലയുടെ വികസനത്തിനായി ജില്ലയില്‍ 250 കോടിയോളം രൂപയാണ് ചെലവഴിച്ചത്. 100 കോടിയോളം രൂപയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി. താനൂര്‍ കാട്ടിലങ്ങാടിയിലും തവനൂര്‍ മണ്ഡലത്തിലെ എടപ്പാളിലുമായി 30 കോടിയോളം രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് കായിക സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കി. കാട്ടിലങ്ങാടി സ്കൂളിൽ മൾട്ടി പർപ്പസ് ഗ്രൗണ്ടിന് 1.28 കോടി കൂടി അനുവദിച്ചു. നിറമരുതൂര്‍ സ്കൂള്‍, ദേവധാര്‍ സ്കൂള്‍, താനൂര്‍ റീജണല്‍ ഫിഷറീസ് സ്കൂള്‍, പൊന്നാനിയിലെ മുക്കുതല സ്കൂള്‍, വെളിയങ്കോട്, തവനൂര്‍ എന്നിവിടങ്ങളില്‍ സ്റ്റേഡിയങ്ങള്‍ ഒരുക്കി. പൊന്നാനി നിളാതീരം സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിർമാണം ആരംഭിച്ചു.
കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ സ്‌റ്റേഡിയം നിർമിക്കാന്‍ 35 ഏക്കര്‍ ഏറ്റെടുക്കാന്‍ ധാരണയായി. ആദ്യഘട്ട പ്രവൃത്തിക്ക് കിഫ്‌ബിയില്‍നിന്ന് 125 കോടി രൂപ വിനിയോഗിക്കും. താനൂര്‍ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജില്‍ സ്‌റ്റേഡിയം നിര്‍മാണം തുടങ്ങി.
"ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിപ്രകാരം എട്ട് പ്രവൃത്തികള്‍ നിലവില്‍ ജില്ലയില്‍ നടപ്പാക്കുന്നുണ്ട്. ചെറിയമുണ്ടം നരിയറക്കുന്നിലെ കളിക്കളം ഉടൻ പൂർത്തിയാകും. താനൂരില്‍ ഒഴുര്‍, മൂലക്കല്‍ എന്നിവിടങ്ങളില്‍ ഓപ്പണ്‍ ജിമ്മും ആരംഭിച്ചു. ദേവധാർ സ്കൂളിനടുത്തും മൂച്ചിക്കലിലും റെയിൽവേ ഓവർ ബ്രിഡ്ജുകൾക്ക് താഴെയുള്ള സ്ഥലങ്ങളിൽ കായികവിനോദ സൗകര്യങ്ങൾ ഉൾപ്പെടുന്ന ഹാപ്പിനസ് സെന്ററുകൾ ഉടൻ തുടങ്ങും. ഫിഷറീസ് സ്കൂളില്‍ ജിംനാസ്റ്റിക്‌സ് കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.










0 comments