ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം ‘റാന്തലിന്' അരങ്ങുണർന്നു
റാന്തൽ തെളിഞ്ഞു


ടി വി സുരേഷ്
Published on Oct 16, 2025, 12:39 AM | 1 min read
മഞ്ചേരി
കേരള ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം ‘റാന്തലിന്' അരങ്ങുണർന്നു. ആദ്യദിനം ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവയാണ് അരങ്ങേറിയത്. മോഹിനിയാട്ടം പ്രധാന വേദിയായ ഹയയിൽ രാവിലെ 10ന് ആരംഭിച്ചു. വേദി മൂന്നിൽ മാപ്പിളപ്പാട്ട് മത്സരങ്ങളും മറ്റ് വേദികളിലായി ക്ലേ മോഡലിങ്, ഉപന്യാസം, പ്രസംഗം തുടങ്ങി സ്റ്റേജ് ഇതര മത്സരങ്ങളും നടന്നു. പലസ്‌തീനിൽ കൊല്ലപ്പെട്ട ഏഴ് കുരുന്നുകളുടെ പേരിലാണ് വേദികൾ ഒരുക്കിയത്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 140 കോളേജുകളിൽനിന്നായി 2000ത്തോളം പ്രതിഭകളാണ് മാറ്റുരക്കുന്നത്. കലോത്സവം 18ന് അവസാനിക്കും. വ്യാഴം വൈകിട്ട് ആറിന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും.
ചുവട് പിഴച്ചില്ല, കൂടെയുണ്ടല്ലോ കുടുംബം
മഞ്ചേരി
കലാകാരൻമാരായ അച്ഛനും അമ്മയും സഹോദരനും കൂടെയുള്ളപ്പോൾ കൃഷ്‌ണേന്ദുവിന് ഉറപ്പായിരുന്നു– ചുവട് പിഴക്കില്ല. വേദിയിലത് തെളിയിച്ചു. അച്ഛൻ സുനിൽകുമാർ കണ്ണാട്ട്, അമ്മ ദീപ്തി, സഹോദരൻ അമൽ കൃഷ്ണ എന്നിവർക്കൊപ്പം നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പരിയാരം ഗവ. ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർഥി കൃഷ്ണേന്ദു മഞ്ചേരിയിലെ കലോത്സവ നഗരിയിലെത്തിയത്.
വിജയത്തിനുപിന്നിലും നൃത്തത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച കുടുംബമാണ്. ആറാം വയസ്സുതൊട്ട് നാട്യംപ്രിയ സീനത്തിന്റെ കീഴിൽ നൃത്തം അഭ്യസിച്ചുതുടങ്ങിയതാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നുതവണ പങ്കെടുത്തു.
ദീർഘകാലത്തെ പ്രണയത്തിന് ഒടുവിൽ ഒന്നാവുകയും ജീവിതം പ്രതിസന്ധിയിലായതോടെ സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്‌ത അമ്മയുടെ കഥയാണ് കൃഷ്ണേന്ദു നാടോടിനൃത്തത്തിൽ അരങ്ങിൽ എത്തിച്ചത്. കുച്ചുപ്പുടിയിലും കൃഷ്‌ണേന്ദുവിനാണ് ഒന്നാംസ്ഥാനം.









0 comments