നിലമ്പൂരിൽ ട്രെയിൻ അറ്റകുറ്റപ്പണിക്ക് ജീവനക്കാരില്ലാത്തത് പ്രതിസന്ധി
ട്രെയിനുകളുണ്ട്, 'നന്നാക്കാൻ' ആളില്ല

നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷന്‍
എം സനോജ്
Published on Sep 08, 2026, 12:04 AM | 1 min read
നിലമ്പൂർ
മണിക്കൂറുകളോളം ട്രെയിനുകൾ നിർത്തിയിടുന്ന സ്റ്റേഷനാണ് നിലമ്പൂർ. എന്നാൽ, ആ ട്രെയിനുകളിൽ ചെറിയൊരു തകരാർ സംഭവിച്ചാൽപോലും അറ്റകുറ്റപ്പണി നടത്താൻ ആവശ്യമായ ജീവനക്കാരില്ല. ലൈറ്റോ ഫാനോ വൈദ്യുതി സംവിധാനമോ സീറ്റോ വാതിലോ തകരാറിലായാൽ ഷൊർണൂരിൽനിന്ന് ജീവനക്കാരെത്തുംവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. രാത്രിസമയത്താണ് തകരാർ സംഭവിക്കുന്നതെങ്കിൽ യാത്രതന്നെ താളംതെറ്റും. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നതിനിടെ, നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ശുചീകരണ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
നിലമ്പൂരിൽ നിർത്തിയിടുന്ന ട്രെയിനുകളുടെ പരിശോധനയും ചെറിയ അറ്റകുറ്റപ്പണികളും ഇവിടെത്തന്നെ നടത്താൻ ആവശ്യമായ ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധി. കോച്ചുകളിലെ വൈദ്യുതി സംവിധാനങ്ങൾ, ലൈറ്റ്, ഫാൻ, സീറ്റുകൾ, വാതിലുകൾ തുടങ്ങിയവയിൽ തകരാർ കണ്ടെത്തിയാൽ ഷൊർണൂരിൽനിന്ന് ജീവനക്കാരെ എത്തിക്കേണ്ടിവരുന്നു. ജീവനക്കാർ എത്താൻ വൈകുന്ന ഓരോ സമയവും ട്രെയിനിനുള്ളിൽ കാത്തിരിക്കുന്ന യാത്രക്കാരുടെ ദുരിതം വർധിപ്പിക്കും. രാത്രിയാത്രക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുക. പുലർച്ചെ എത്തേണ്ട സ്ഥലത്ത് വൈകിയെത്തുന്നത് ജോലി, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്രചെയ്യുന്നവർക്ക് വലിയ പ്രയാസമാകും. മറ്റ് ട്രെയിനുകളിലേക്ക് മാറേണ്ട യാത്രക്കാർക്ക് കണക്ഷൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന സമയത്തുതന്നെ തകരാർ പരിഹരിക്കാൻ ജീവനക്കാരുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വലിയ തോതിൽ ഒഴിവാക്കാനാകും. കോയമ്പത്തൂരിൽനിന്ന് രാത്രി 8.30ഓടെ നിലമ്പൂരിലെത്തുന്ന പാസഞ്ചർ ട്രെയിൻ പുലർച്ചെ 5.30വരെ ഇവിടെ നിർത്തിയിടുന്നുണ്ട്. എറണാകുളത്തുനിന്ന് രാത്രി 10.05ഓടെ എത്തുന്ന മെമു പുലർച്ചെ 3.10വരെയും നിലമ്പൂരിൽ നിർത്തിയിടുന്നു. രാജ്യറാണി എക്സ്പ്രസ്, കോട്ടയം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും മണിക്കൂറുകളോളം ഇവിടെ നിർത്തിയിടുന്നുണ്ട്. ഇത്രയും സമയം ട്രെയിനുകൾ സ്റ്റേഷനിൽ ലഭ്യമായിരിക്കുമ്പോഴും ആവശ്യമായ സാങ്കേതിക ജീവനക്കാരില്ലാത്തത് റെയിൽവേയുടെ പ്രവർത്തന സംവിധാനത്തിലെ പോരായ്മയായാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.
മംഗലാപുരത്തുള്ളവരെ നിലമ്പൂരിലേക്ക് മാറ്റണം
മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്യുന്ന മലപ്പുറം ജില്ലയിൽനിന്നുള്ള ജീവനക്കാരിൽ ആവശ്യാനുസരണം ചിലരെ നിലമ്പൂരിലേക്ക് മാറ്റി നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ ജീവനക്കാരെ ഉൾപ്പെടെ നിലമ്പൂരിൽ നിയമിച്ചാൽ ഇവിടെ നിർത്തിയിടുന്ന ട്രെയിനുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് സ്ഥിരം സംവിധാനം ഒരുക്കാനാകും.










0 comments