പ്ലസ് വൺ അഡീഷണൽ ബാച്ച്
സർക്കാർ സ്കൂളുകളെ തകർക്കാനുള്ള നീക്കത്തിൽനിന്ന് ലീഗ് പിൻമാറണം: സിപിഐ എം

മലപ്പുറം
പ്ലസ് വൺ അഡീഷണൽ ബാച്ച് അനുവദിച്ചതിലെ അവഗണനയിലൂടെ സർക്കാർ സ്കൂളുകളെ തകർക്കാനുള്ള നീക്കത്തിൽനിന്ന് മുസ്ലിംലീഗ് പിൻമാറണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. പ്ലസ് വൺ അഡീഷണൽ സീറ്റ് അനുവദിക്കുമ്പോൾ ഏറെ സൗകര്യമുള്ള സർക്കാർ സ്കൂളൂകൾ പലതും അവഗണിക്കപ്പെട്ടു. പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണാനെന്ന പേരിൽ അനുവദിച്ച ബാച്ചുകളെ കച്ചവട താൽപ്പര്യത്തോടെയാണ് വീതംവച്ചത്. യുഡിഎഫ് സർക്കാരിന്റെയും മുസ്ലിംലീഗിന്റെയും ഈ നടപടി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കും.
ആകെ അനുവദിച്ച 120 ബാച്ചുകൾ 117 സ്‌കൂളുകളിലായി വീതംവച്ചപ്പോൾ 90 ബാച്ചുകളും എയ്‌ഡഡ് മേഖലയിലായി. പുതിയ ബാച്ചുകൾ ലഭിച്ച എയ്‌ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളിൽ ഭൂരിഭാഗവും മുസ്ലിംലീഗ്–യുഡിഎഫ് നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവരുമാണ്. മലപ്പുറം ജില്ലയിൽ 58 സ്‌കൂളുകൾക്കായി 60 ബാച്ചുകൾ അനുവദിച്ചതിൽ 48 എണ്ണവും എയ്‌ഡഡ് മേഖലയിലാണ്. വിദ്യാഭ്യാസ മേഖലയിൽ ലീഗിന്റെ കച്ചവട താൽപ്പര്യം വ്യക്തമാക്കുന്നതാണ് അഡീഷണൽ ബാച്ചുകൾ. വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത ലീഗ് പാർശ്വവർത്തികളായ വിദ്യാഭ്യാസ കച്ചവടക്കാർക്ക് വീതംവച്ചതാണ് ഇതിലൂടെ വെളിപ്പെട്ടത്. സർക്കാർ സ്കൂളുകളിലെ മികച്ച പശ്ചാത്തല സൗകര്യങ്ങളും മികച്ച പഠനനിലവാരവും പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
സുതാര്യമായ പ്ലസ് വൺ പ്രവേശന നടപടികളെ അട്ടിമറിക്കുന്ന ഇടപെടലും കെ പി നൗഷാദലി എംഎൽഎയിൽനിന്നുണ്ടായി. മണ്ഡലത്തിലെ സ്‌കൂളുകൾക്ക് ലഭിച്ച അധിക ബാച്ച് പ്രവേശനത്തിനുള്ള അപേക്ഷ പൊന്നാനിയിലെ എംഎൽഎ ഓഫീസിലാണ് സ്വീകരിച്ചത്. ശാസ്‌ത്രീയ പരിശോധനകളില്ലാതെ യഥേഷ്‌ടം ബാച്ചുകൾ അനുവദിച്ചതിലൂടെ ജില്ലയിലെ സർക്കാർ സ്‌കൂളുകളുടെ നിലനിൽപ്പും ഭീഷണിയിലാണ്.
എൽഡിഎഫ് ഭരണകാലത്ത് പ്ലസ് വൺ പ്രവേശനവേളയിൽ സീറ്റ് ക്ഷാമമുണ്ടായപ്പോൾ ഇതര ജില്ലകളിലെ അധിക ബാച്ചുകൾ ജില്ലയിലേക്ക് അനുവദിച്ചും നിലവിലെ ബാച്ചുകളിൽ മാർജിനൽ സീറ്റ് വർധിപ്പിച്ചുമാണ് പരിഹാരം കണ്ടിരുന്നത്. കൃത്യമായ പരിശോധന നടത്തി സർക്കാർ സ്‌കൂളുകളിലും ചില എയ്‌ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളിലും പുതിയ ബാച്ചുകൾ അനുവദിച്ചു. 2024ൽ മാത്രം എൽഡിഎഫ് സർക്കാർ ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകൾ അനുവദിച്ചിരുന്നു. എന്നാൽ, ഇത്തരം പരിശോധനകളൊന്നും ഉണ്ടായില്ല.
വിദ്യാഭ്യാസ മേഖലയെ തകർത്ത് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഭാവി അവതാളത്തിലാക്കുന്ന നീക്കത്തിൽനിന്ന് പിൻമാറണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.









0 comments