മൈതാനം നിറയാൻ മാനവേദന്റെ കുട്ടികൾ

ഐറിൻ സന്തോഷ്, ഷിഫ്ന ഷെറിന്‍, തീര്‍ഥ സുധീഷ്
എം സനോജ്
Published on Sep 10, 2026, 12:00 AM | 1 min read
നിലമ്പൂർ
സർക്കാർ സ്കൂളിന്റെ മൈതാനത്ത് പന്തിനൊപ്പം വളർന്ന മൂന്ന് താരങ്ങൾ ഇനി ദേശീയ വേദിയിൽ നിറയും. നിലന്പൂർ മാനവേദൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥികളായ എൻ കെ ഷിഫ്‌ന ഷെറിൻ, ഐറിൻ സന്തോഷ്, തീർഥ സുധീഷ് എന്നിവരാണ് ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ടണിയുക. ഒരാൾ ഗോളിലേക്ക് കുതിക്കുന്ന സ്ട്രൈക്കർ, പ്രതിരോധനിരയിലും മധ്യനിരയിലും ഓരോരുത്തർ. ഒരേ സമയം മൂന്ന് താരങ്ങൾ കേരള ജൂനിയർ ടീമിലെത്തിയത് മാനവേദൻ സ്‌കൂളിനും അഭിമാനനേട്ടം.
ആന്ധ്രപ്രദേശിലെ അനന്തപുരിയിൽ വ്യാഴാഴ്‌ചയാണ് ചാമ്പ്യൻഷിപ്പിന് പന്തുരുളുക. കമാലുദ്ദീൻ മോയിക്കലാണ് മൂന്നുപേരുടെയും പരിശീലകൻ. അഞ്ചുവർഷത്തോളമായി ഫുട്ബോളിനെ ജീവിതത്തിന്റെ ഭാഗമാക്കിയ മൂവരും നിലമ്പൂർ യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് കളിക്കളത്തിൽ നിറഞ്ഞത്.
ഗോളിലേക്കുള്ള കുതിപ്പ്
മുന്നേറ്റനിരയിൽനിന്ന് ഗോളിലേക്ക് വഴിതുറക്കുന്ന സ്ട്രൈക്കറാണ് എന്‍ കെ ഷിഫ്‌ന ഷെറിൻ. കഴിഞ്ഞ വർഷവും കേരള ജൂനിയർ ടീമിൽ ഇടം നേടിയിരുന്നു. മികച്ച പ്രകടനത്തിലൂടെ ജൂനിയർ ഗോൾഡൻ ബോൾ സ്വന്തമാക്കി. ഈ വർഷത്തെയും മികച്ച പ്രകടനമാണ് ഷിഫ്‌നയെ കേരള ടീമിലെത്തിച്ചത്. മുമ്മുള്ളി സ്വദേശികളായ ഷാജഹാന്‍, സബിത ദന്പതികളുടെ മകളാണ്.
ആദ്യ കേരള ജേഴ്സിയുടെ ആവേശം
ലെഫ്റ്റ് ബാക്കായി പ്രതിരോധത്തിന്റെ ചുമതലയേറ്റെടുക്കുന്ന ഐറിൻ സന്തോഷ് ആദ്യമായാണ് കേരളത്തിനായി കളിക്കുന്നത്. മലപ്പുറം ജില്ലാ ടീമിലെ മികച്ച പ്രകടനമാണ് കേരള ടീമിലേക്ക് വഴിതുറന്നത്. പ്രതിരോധനിരയിൽ ടീമിന് കരുത്ത് പകരുകയാണ് ദൗത്യം. ചന്തക്കുന്ന് സ്വദേശികളായ സി ജെ സന്തോഷിന്റെയും സെബിയുടെയും മകളാണ്.
കളിയുടെ ഗതി നിയന്ത്രണം
സെന്റർ മിഡ്ഫീൽഡിൽ കളിയുടെ ഗതി നിയന്ത്രിക്കുന്ന തീർഥ സുധീഷിനും കേരള ജേഴ്സി പുതുമയല്ല. സ്കൂൾതലത്തിലും അസോസിയേഷൻതലത്തിലും കേരളത്തിനായി കളിച്ചിട്ടുണ്ട്. കേരള ഫുട്ബോൾ അസോസിയേഷന്റെ ഇന്റർ ഡിസ്ട്രിക്ട് ടൂർണമെന്റിൽ മലപ്പുറം ചാമ്പ്യന്മാരായപ്പോൾ ടീമിന്റെ മധ്യനിരയിൽ നിർണായക സാന്നിധ്യമായിരുന്നു. മികച്ച പ്രകടനത്തിന് മികച്ച മിഡ്ഫീൽഡർക്കുള്ള പുരസ്കാരവും ലഭിച്ചു. ചക്കാലക്കുത്ത് ആലങ്ങാടന്‍ സുധീഷിന്റെയും ഷീജയുടെയും രണ്ടാമത്തെ മകളാണ്.










0 comments