സ്ഥാപനം തുടങ്ങിയില്ല, പെൻഷനും മുടങ്ങി
പ്രവാസികളിൽനിന്ന് ലീഗുകാർ പിരിച്ചത് കോടികൾ

വി കെ ഷാനവാസ്
Published on Aug 11, 2026, 01:54 AM | 1 min read
എടക്കര
പ്രവാസികളായ മുസ്ലിംലീഗുകാരിൽനിന്ന് കോടികൾ ശേഖരിച്ച് ആരംഭിച്ച ഗ്രീൻഹോപ്പർ ഫാം ലിവിങ്ങിന്റെ മറവിലും വൻ തട്ടിപ്പെന്ന് പരാതി. ഡെയ്റി ഫാം തുടങ്ങി ലാഭവിഹിതം, ഇൻഷുറൻസ്, പെൻഷൻ, ഷെയർ ഉടമയുടെ ഫാമിലിക്ക് ഫാം റിസോർട്ടിൽ താമസം എന്നിവ ഓഫർ നൽകിയാണ് കോടികൾ ലീഗ് നേതാക്കൾ പിരിച്ചെടുത്തത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും സ്ഥാപനം തുടങ്ങിയിട്ടില്ല.
2022ൽ ആരംഭിച്ച പദ്ധതിയിൽ ഒരുവർഷംകൊണ്ട് 4500 പേർ അംഗങ്ങളായി. പ്രവാസികളും മുസ്ലിംലീഗ് പ്രാദേശിക നേതാക്കളുമാണ് ഷെയർ ഉടമകൾ. ഇതിൽ 60 ശതമാനം ഇപ്പോൾ നാട്ടിലില്ലാത്ത പ്രവാസികളാണ്. ഷെയർ ഉടമകൾക്ക് വർഷങ്ങളായി ലാഭവിഹിതമില്ല. 1000 രൂപ പെൻഷനും ഇൻഷുർ തുകയും നിലച്ചു. 50,000മുതൽ ഒന്നരലക്ഷം രൂപവരെയാണ് ഷെയറായി പിരിച്ചെടുത്തത്. ഒരാൾക്ക് അഞ്ച് ഷെയർവരെ നൽകിയിട്ടുണ്ട്. പണം അടച്ചവർക്ക് രസീതിയും കോൺട്രിബ്യൂഷൻ സർട്ടിഫിക്കറ്റും മുദ്രപത്രത്തിൽ എഗ്രിമെന്റെ പേപ്പറും ഒപ്പിട്ട് നൽകിയിരുന്നു. 56 കോടിയോളം കൈവശമുണ്ടെന്നാണ് ഷെയർ ഉടമകൾ പറയുന്നത്. വയനാട് സ്ഥലം വാങ്ങിയെന്ന് ഇവരെ നേതാക്കൾ വിശ്വസിപ്പിച്ചിട്ടുണ്ടെങ്കിലും ഡെയ്റി ഫാം തുടങ്ങാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. അതിനിടെ ഷെയർ തുക വകമാറ്റി ചെലവഴിച്ചതായും ആരോപണമുണ്ട്.
മൂന്നരവർഷമായി 1000 രൂപ പെൻഷൻമാത്രമാണ് നൽകിയിരുന്നത്. ഇപ്പോൾ പെൻഷനും ഇൻഷുറൻസ് പദ്ധതിയും പൂർണമായും നിലച്ചു. കോട്ടക്കൽ കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ആദ്യം ഫാം, പിന്നീട് കോളേജ് എന്നായിരുന്നു പ്രഖ്യാപനം. വാട്സ് ആപ്പ് ഗ്രൂപ്പിൽ ചോദ്യംചെയ്യുന്നത് വർധിച്ചതോടെ ചർച്ച അവസാനിപ്പിക്കാൻ കഴിഞ്ഞ മാസം ചെയർമാന്റെ ഭീഷണിസ്വരത്തിലുള്ള കത്താണ് അംഗങ്ങൾക്ക് ലഭിച്ചത്.










0 comments