പകിട്ടുചോരാതെ 'പഴമക്കാര്‍'

മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റില്‍ കളിമണ്‍കൊണ്ടുണ്ടാക്കിയ ഫ്രൈ പാനുമായി ജീവനക്കാരി

പി അഭിഷേക്
Published on Sep 07, 2026, 12:00 AM | 1 min read
മലപ്പുറം
പകിട്ടൊട്ടും ചോരാതെ പാത്രവിപണിയില്‍ തിളങ്ങുകയാണ് "പഴമക്കാര്‍'. അലുമിനിയവും സ്റ്റീലും വാഴുന്ന വന്‍കിട വിപണിയില്‍ പ്രതാപം വീണ്ടെടുത്തിരിക്കുന്നത് മണ്‍പാത്രങ്ങളാണ്. വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍പോലും ഈ നാടന്‍ പാത്രങ്ങളാണ് ഇപ്പോള്‍ താരം. ലോഹപാത്രങ്ങള്‍ അടുക്കിവച്ചിരിക്കുന്ന ഷെല്‍ഫിനടുത്ത് മണ്‍പാത്രങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. മണ്‍പാത്രങ്ങള്‍ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം കൂടിയതാണ് കാരണം.
ഗ്യാസ് അടുപ്പിലും ഇന്‍ഡക്ഷന്‍ അടുപ്പിലും മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതിനാലാണ് ആവശ്യക്കാരേറിയത്. അടുക്കളയിലാവശ്യമായ മിക്ക പാത്രങ്ങളും കളിമണ്ണില്‍ ലഭ്യമാണ്. പത്തിരിച്ചട്ടി, നെയ്ച്ചട്ടി, കുപ്പി, കൂജ, ജഗ്, കപ്പ്, കോപ്പ, ഫ്രൈ പാന്‍, പുട്ടുകുടം, ചീനച്ചട്ടി, വാല്‍ച്ചട്ടി, ഉലുവാംകൂട് (കുന്തിരിക്കം പുകയ്ക്കാന്‍ ഉപയോഗിക്കുന്നത്) എന്നിവ ചിലതുമാത്രം. പല വലിപ്പത്തിലും ബലത്തിലും ഇവ ലഭ്യമാണ്. വിലക്കുറവാണ് പ്രധാന പ്രത്യേകത. പത്തിരിച്ചട്ടി: 100–150 രൂപ, കറിച്ചട്ടി: 200–300 രൂപ, ഫ്രൈ പാൻ: 280–300 രൂപ, പുട്ടുകുടം: 250 രൂപ, നെയ്ച്ചട്ടി: 100–260 രൂപ എന്നിങ്ങനെയാണ് വില. മണ്‍ചട്ടിയില്‍ തയ്യാറാക്കുന്ന ഭക്ഷണവിഭവങ്ങളുടെ സ്വാദും ആളുകളെ ആകര്‍ഷിപ്പിക്കുന്നു. ചൂട് കൂടിയ കാലാവസ്ഥയായതിനാല്‍ മണ്ണുകൊണ്ടുള്ള കൂജയും കുപ്പിയും ധാരാളം വിറ്റുപോകുന്നുണ്ട്. കുടിവെള്ളത്തിന്റെ തണുപ്പ് നിലനില്‍ക്കുമെന്നതാണ് കാരണം.
ജില്ലയില്‍ പാലക്കാട്ടുനിന്നാണ് കളിമണ്‍പാത്രങ്ങളെത്തിക്കുന്നത്. കുറഞ്ഞ താപനിലയില്‍ ചുട്ടെടുക്കുന്ന കളിമണ്‍പാത്രങ്ങള്‍ തവിട്ടുനിറത്തിലും ഉയര്‍ന്ന താപനിലയില്‍ ചുട്ടെടുക്കുന്നവ കറുത്ത നിറത്തിലുമായിരിക്കും. കറുപ്പ് നിറത്തിലുള്ളവയ്ക്ക് ബലം കൂടുതലാണ്. തവിട്ടുനിറത്തിലുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനുമുമ്പ് നന്നായി ചൂടാക്കണം. അടുപ്പില്‍ ചിരട്ട കത്തിച്ച് ചൂടാക്കുന്നതാണ് ഫലപ്രദം. ചട്ടിക്ക് കറുപ്പ് നിറം പടരുന്നതുവരെ ഇങ്ങനെ ചെയ്താല്‍ ബലംകൂടും.










0 comments