അധ്യാപകര്‍ക്ക് വിദ്യാര്‍ഥിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍


പി അഭിഷേക്
Published on Aug 18, 2026, 12:23 AM | 1 min read
മലപ്പുറം
അധ്യാപകരായ അച്ഛന്റെയും അമ്മയുടെയും അധ്വാനം കുറയ്ക്കാൻ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പനചെയ്ത് പത്താംക്ലാസ് വിദ്യാര്‍ഥി. കോഴിക്കോട് രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഡി ആര്‍ ജിനന്‍ ആണ് "എഐഡിഇ' (അസിസ്റ്റന്റ് ഫോര്‍ ഇന്റലിജന്റ് ഡിജിറ്റല്‍ എഡ്യുക്കേറ്റേഴ്സ്) പേരില്‍ അധ്യാപകര്‍ക്കായി ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. ഹാജറെടുക്കല്‍, വിദ്യാര്‍ഥികളുടെ പ്രൊഫൈല്‍ തയ്യാറാക്കല്‍, പഠനനിലവാരം വിലയിരുത്തല്‍, ടൈംടേബിള്‍ തയ്യാറാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ സോഫ്റ്റ്‌വെയറിലുണ്ട്.
സ്കൂള്‍വിട്ട് വീട്ടിലെത്തിയാലും ഹാജറിനെക്കുറിച്ചും മറ്റ് അധ്യാപകരില്‍നിന്ന് ക്ലാസിലെ കുട്ടികളുടെ മാര്‍ക്ക് ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും അച്ഛനും അമ്മയും സംസാരിക്കുമായിരുന്നു. ഇവരുടെ പ്രയാസം മനസ്സിലാക്കിയാണ് അധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കാന്‍ സോഫ്റ്റ്‍വെയര്‍ നിര്‍മിച്ചത്. എച്ച്ടിഎംഎല്‍, ജാവാ സ്‌ക്രിപ്റ്റ്, സിഎസ്എസ് എന്നീ പ്രോഗ്രാമിങ് ഭാഷകള്‍ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറുണ്ടാക്കിയത്. സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനായ അച്ഛന്‍ വി കെ രവിചന്ദ്രന്റെ ലാപ്ടോപ്പില്‍ ആദ്യം പരീക്ഷിച്ചു. പിന്നീട് മറ്റ് അധ്യാപകരിലേക്കുമെത്തിച്ചു.
രണ്ടാഴ്ചമുമ്പാണ് ആന്‍ഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാനാകുന്ന ആപ്ലിക്കേഷനായി പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. രാജ്യത്തിന് പുറത്തുനിന്നടക്കം അഞ്ഞൂറിലധികംപേര്‍ ഇതുവരെ ഡൗണ്‍ലോഡ്ചെയ്തു.
രാമനാട്ടുകര പാറമ്മല്‍ സ്വദേശിയായ ജിനന്‍ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗമാണ്. യൂട്യൂബിലൂടെയാണ് പ്രോഗ്രാമിങ് പഠിച്ചത്. രണ്ട് വര്‍ഷംമുമ്പ് സ്കൂളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന് "ഇലക്‌ട്രോ വോട്ട്' സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. അമ്മ എം ദിവ്യ പെരുമണ്ണ ഇ എം എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്. ഡി ആര്‍ ജഗത്ത് ആണ് സഹോദരന്‍.










0 comments