Deshabhimani

മംഗലാപുരം സ്റ്റേഷൻ ഇന്നുമുതൽ മൈസൂരു ഡിവിഷന്റെ ഭാഗം

അസ്തമിക്കുന്നു നിലന്പൂരിന്റെ പ്രതീക്ഷകൾ

a

നിലമ്പൂര്‍ സ്റ്റേഷനിലെ പാഴ്സല്‍ സര്‍വീസ് കേന്ദ്രം (ഫയല്‍ ചിത്രം)

avatar
എം സനോജ്

Published on Oct 01, 2026, 01:12 AM | 1 min read

നിലമ്പൂർ

മംഗലാപുരം റെയിൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുന്നത് നിലമ്പൂർ–ഷൊർണൂർ പാതയ്ക്കും തിരിച്ചടിയാകും. വ്യാഴാഴ്‌ചമുതലാണ്‌ മാറ്റം നിലവിൽവരുക. പാലക്കാട് ഡിവിഷന്റെ വരുമാനം കുറയുന്നതോടെ നിലമ്പൂർ പാതയുടെ വികസനം, പുതിയ സർവീസുകൾ, പാഴ്സല്‍ സര്‍വീസ് എന്നിവയിൽ റെയിൽവേയുടെ പരിഗണന കുറയും. പാത സ്വകാര്യവൽക്കരണത്തിലേക്കടക്കം നീങ്ങുമോയെന്ന ചർച്ചയും ശക്തമാണ്‌. പാലക്കാട് ഡിവിഷനിലെ ഏക ബ്രോഡ്ഗേജ് പാതയാണ് നിലമ്പൂർ–ഷൊർണൂർ.

​

20 മിനിറ്റ് സ്റ്റോപ്പ്, എന്നിട്ടും പാഴ്സൽ സംവിധാനമില്ല

ഡിവിഷന്റെ വരുമാനശേഷി കുറയുന്നത്‌ നിലമ്പൂർ–ഷൊർണൂർ പാതയുടെ പ്രധാന ആവശ്യങ്ങളിലൊന്നായ പാഴ്സൽ സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനും തിരിച്ചടിയാകും. 2025 മാർച്ച് 10നാണ് നിലമ്പൂർ, പൊള്ളാച്ചി, പയ്യന്നൂർ സ്റ്റേഷനുകളിലെ പാഴ്സൽ സംവിധാനം നിർത്തലാക്കിയത്. പാഴ്സൽ കയറ്റാനും ഇറക്കാനും കൂടുതൽ സമയം വേണ്ടിവരുന്നുവെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. അഞ്ചുമിനിറ്റ് സ്റ്റോപ്പുള്ള ട്രെയിനുകളിൽമാത്രമേ പാഴ്സൽ അയക്കാനാകൂവെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ നിലമ്പൂരിലെ ട്രെയിനുകളുടെ ദീർഘമായ സ്റ്റോപ്പ് കണക്കിലെടുക്കുമ്പോൾ ഈ കാരണം പ്രായോഗികമല്ലെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്. പല ട്രെയിനുകളും നിലമ്പൂരിൽ 20 മിനിറ്റോളം നിർത്തിയിടുന്നുണ്ട്. പകൽ 11.30ന് എത്തുന്ന കോട്ടയം എക്സ്പ്രസ് 3.15വരെയും 3.40ന് എത്തുന്ന പാലക്കാട് പാസഞ്ചർ 4.20വരെയും സ്റ്റേഷനിലുണ്ട്. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസും തൃശൂരിലേക്കുള്ള പാസഞ്ചർ ട്രെയിനും നേരത്തെ പാഴ്സൽ സൗകര്യമുണ്ടായിരുന്ന സർവീസുകളാണ്.

​

കർഷകർക്കും ചെറുകിട വ്യവസായികൾക്കും തിരിച്ചടി

2016 ആഗസ്ത് എട്ടിനാണ് നിലമ്പൂരിൽ പാഴ്സൽ ബുക്കിങ് ഓഫീസ് ആരംഭിച്ചത്. ഒരു യാത്രക്കാരന് പരമാവധി 40 കിലോ സാധനങ്ങൾമാത്രമാണ് യാത്രയ്ക്കിടെ കൊണ്ടുപോകാനാകുന്നത്. ഇതിൽ കൂടുതലുള്ള സാധനങ്ങൾ അയക്കാൻ പാഴ്സൽ സംവിധാനമായിരുന്നു ആശ്രയം. നിലമ്പൂരിൽനിന്ന് കൊച്ചുവേളി, കോട്ടയം, തൃശൂർ, പാലക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് കാർഷിക, വാണിജ്യ, വ്യവസായ ഉൽപ്പന്നങ്ങൾ എസ്‌എൽആർഡി കോച്ചുകളിലൂടെ അയച്ചിരുന്നു. സംവിധാനം നിലച്ചതോടെ തമിഴ്നാടിനോട് ചേർന്ന ഗൂഡല്ലൂർ, നാടുകാണി മേഖലകളിലെ കർഷകർക്കും ചെറുകിട വ്യവസായികൾക്കും തിരിച്ചടിയായി. ഡിവിഷന്റെ വരുമാനശേഷി കുറയുന്ന സാഹചര്യത്തിൽ നിർത്തലാക്കിയ പാഴ്സൽ സംവിധാനം പുനഃസ്ഥാപിക്കുന്നതിന് റെയിൽവേ എത്രത്തോളം പരിഗണന നൽകുമെന്നതാണ് ഇനി നിർണായകം.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home