അൻസിഫിനായുള്ള തിരച്ചിൽ തുടരുന്നു

അരീക്കോട് മാങ്കടവിൽ ചെറുപുഴയിൽ പോയ കുട്ടിക്കായി ചൊവ്വാഴ്ച തിരച്ചിൽ നടത്തുന്നു
അരീക്കോട്
പൂങ്കുടി മാങ്കടവ് ചെറുപുഴയിൽ കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ തുടരുന്നു. ചെറുപുഴ വന്നുചേരുന്ന ചാലിയാറിലും തിരച്ചിൽ നടത്തുന്നുണ്ട്. തിങ്കൾ വൈകിട്ട് 5.15ഓടെ കളികഴിഞ്ഞശേഷം കൈകാലുകൾ കഴുകാൻവേണ്ടി ഇറങ്ങിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു.
വാവൂർ എംഎച്ച്എംഎയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. കൂടെയുണ്ടായിരുന്ന കുട്ടികൾ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും അരീക്കോട്, വാഴക്കാട് പൊലീസ്, എൻഡിആർഎഫ്, മഞ്ചേരി, മുക്കം യൂണിറ്റുകളിലെ ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, ടിഡിആർഎഫ്, റവന്യു ഉദ്യോഗസ്ഥർ, ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്, കുനിത്തലക്കടവ് ജനകീയ സമിതി, മറ്റു സന്നദ്ധ സംഘടനകൾ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. ശക്തമായ ഒഴുക്കും മുൾക്കാടുകളും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നീർനായശല്യം രൂക്ഷമായ പുഴയിൽ ജനങ്ങൾ ഭീതിയോടുകൂടിയാണ് തിരച്ചിൽ നടത്തുന്നത്. കൊണ്ടോട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. ബുധൻ രാവിലെയും തിരച്ചിൽ തുടരുമെന്ന് കൊണ്ടോട്ടി തഹസിൽദാർ എ മുഹമ്മദ് മുനീർ അറിയിച്ചു.










0 comments