ad
Deshabhimani

സ്വപ്നങ്ങളിലേക്കൊരു സൈക്കിള്‍ യാത്ര

a

റഫ്ഖാന്‍ ഖാസിം

avatar
പി അഭിഷേക്

Published on Sep 08, 2026, 12:00 AM | 1 min read

മലപ്പുറം

കുട്ടിക്കാലത്ത് സൈക്കിളെടുത്ത് സ്കൂളിലേക്ക് പോകാന്‍ ഏറെ കൊതിച്ചതാണ് തിരൂര്‍ മുറിവഴിക്കല്‍ സ്വദേശി റഫ്ഖാന്‍ ഖാസിം. ഒരിക്കല്‍ ആരോടും പറയാതെ സൈക്കിളെടുത്ത് സ്കൂളില്‍ പോയത് വീട്ടുകാരറിഞ്ഞു. അന്ന് കിട്ടിയ വഴക്കിന് കണക്കില്ലായിരുന്നു. ഇന്ന് സംസ്ഥാന എംടിബി (മൗണ്ടൈന്‍ ബൈക്കിങ്) സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിയുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത് പിന്നിട്ട വഴികളാണ്. സ്കൂള്‍ പഠനകാലത്ത് റഫ്ഖാന് ഫുട്ബോളിലായിരുന്നു താല്‍പ്പര്യം. സാറ്റ് തിരൂരിനുകീഴിലായിരുന്നു പരിശീലനം. ബന്ധുവിന്റെ സൈക്കിളെടുത്താണ് രാവിലെ വ്യായാമംചെയ്തിരുന്നത്. പ്ലസ്ടു പഠനശേഷം നാട്ടിലെ കടയില്‍ ജോലിക്ക് കയറി. സൈക്ലിങ്ങിനോട് കമ്പംകൂടിയതോടെ ആദ്യശമ്പളത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി. ചെറിയ മത്സരങ്ങളില്‍ പങ്കെടുത്തു. ഇവിടെനിന്ന് പരിചയപ്പെട്ടവരാണ് പ്രൊഫണല്‍ സൈക്ലിങ്ങിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. പിന്നീട് ശമ്പളം കൂട്ടിവച്ച് ആഗ്രഹത്തിനൊത്ത സൈക്കിള്‍ വാങ്ങി.

ജില്ലാ മത്സരത്തില്‍ ഒന്നാമനായാണ് റഫ്ഖാന്‍ തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നടന്ന 23–ാമത് സംസ്ഥാന എംടിബി ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എലൈറ്റ് പുരുഷ വിഭാഗത്തിലായിരുന്നു മത്സരം. ഒന്നര കിലോമീറ്റര്‍ ഓഫ്റോഡ് ഏഴുതവണ ചുറ്റണം. ദേശീയ മത്സരത്തില്‍ പങ്കെടുക്കണമെന്ന വര്‍ഷങ്ങളായുള്ള ആഗ്രഹത്തിലേക്കുള്ള ദൂരംമാത്രമായിരുന്നു മുന്നില്‍. 44 മിനിറ്റുകൊണ്ടാണ് ഇരുപത്തിയഞ്ചുകാരന്‍ വിജയവര തൊട്ടത്. ടൈംട്രയലില്‍ വെങ്കലവും നേടി. ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെ ഒഡിഷയിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ്. അതിനുശേഷം ഇന്ത്യ മുഴുവന്‍ സൈക്കിളില്‍ ചുറ്റിക്കറങ്ങണമെന്നാണ് ആഗ്രഹം. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പ്രൊഫണല്‍ സൈക്ലിങ്ങിന്റെ പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നുമുണ്ട്. കോഴിക്കോട് ഡെക്കാത്‌ലണിലെ എംടിബി സൈക്ലിങ് സ്പോര്‍ട് ലീഡര്‍കൂടിയാണ്. ഡ്രൈവറായ മുഹമ്മദ് റാഫിയുടെയും എം ഫാത്തിമത്തിന്റെയും മകനാണ്. മുഹമ്മദ് റിഫായിന്‍, ആയിഷ റിസ്‍ല എന്നിവര്‍ സഹോദരങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home