മഴക്കെടുതിയിൽ 3.50 കോടിയുടെ കൃഷിനാശം
വാഴകൃഷിയില്‍ നഷ്ടം 3.30 കോടി


പി അഭിഷേക്
Published on Aug 07, 2026, 12:04 AM | 1 min read
മലപ്പുറം
കാലവര്‍ഷക്കെടുതിയില്‍ വെള്ളത്തിലായത് വാഴക്കര്‍ഷകരുടെ അധ്വാനവും. ഈമാസം തുടക്കത്തിലുണ്ടായ ശക്തമായ മഴയില്‍ ജില്ലയില്‍ 55,150 വാഴ നശിച്ചെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. 3.309 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വേങ്ങര ബ്ലോക്കിനുകീഴിലാണ് കൂടുതല്‍ നാശം. ഇവിടെമാത്രം 17,000 വാഴ നശിച്ചു. 1.02 കോടി രൂപയുടെ നഷ്ടമുണ്ടായി. വണ്ടൂര്‍ ബ്ലോക്കില്‍ 49.2 ലക്ഷം രൂപയുടെയും കാളികാവ് ബ്ലോക്കില്‍ 48 ലക്ഷം രൂപയുടെയും പരപ്പനങ്ങാടി ബ്ലോക്കില്‍ 42 ലക്ഷം രൂപയുടെയും വാഴകൃഷി നശിച്ചു.
നഷ്ടപരിഹാരം ലഭിക്കുന്നതിന് കര്‍ഷകര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരമാണ് ജില്ലാ കൃഷി ഓഫീസ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ കലക്ടര്‍ക്ക് കൈമാറും. തുടര്‍ന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മാനദണ്ഡപ്രകാരം യഥാര്‍ഥ നഷ്ടം കണക്കാക്കും. ഇതിനുശേഷമാണ് ധനസഹായം സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാവുക.
ശക്തമായ മഴയില്‍ ജില്ലയില്‍ 12 ബ്ലോക്കുകളിലായി 162 കര്‍ഷകരാണ് കൃഷിനാശം റിപ്പോര്‍ട്ട്ചെയ്തത്. 3.5 കോടി രൂപയുടെ നഷ്ടം കണക്കാക്കി. ഇതില്‍ 94 ശതമാനവും വാഴകൃഷിയിലാണ്. മരച്ചീനി കൃഷിയില്‍ 11.28 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട്ചെയ്തത്. 28.2 ഹെക്ടറില്‍ നാശനഷ്ടമുണ്ടായെന്നാണ് കര്‍ഷകരുടെ പരാതി. 17.8 ഹെക്ടര്‍ പച്ചക്കറി കൃഷി നശിച്ചതോടെ 5.34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 1.4 ഹെക്ടറില്‍ നെല്‍കൃഷിയും നശിച്ചു. 1.25 ലക്ഷമാണ് നഷ്ടം. 47 തെങ്ങ് നശിച്ചതില്‍ 72,000 രൂപയുടെ നഷ്ടവും 20 കവുങ്ങ് നശിച്ചതില്‍ 10,000 രൂപയുടെ നഷ്ടവുമുണ്ടായി.











0 comments