സിനിമാ നോട്ടീസുകള്‍ "ഹൗസ് ഫുള്‍'

സിനിമാ നോട്ടീസുകളുടെ ശേഖരവുമായി ബാലകൃഷ്ണൻ

ടി വി സുരേഷ്
Published on Feb 10, 2025, 02:20 AM | 1 min read
മഞ്ചേരി
അന്ന് ടീസറുകളും ട്രെയിലറുകളുമില്ല. നോട്ടീസടിച്ചിറക്കിയാണ് സിനിമ റിലീസുകൾ അറിയിക്കുക. സിനിമകളുടെ പൊയ്‌പ്പോയകാലം വീണ്ടെടുക്കുകയാണ് മഞ്ചേരി മുള്ളമ്പാറ തുഷാര നിവാസിലെ ബാലകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ പക്കലുള്ള പഴയകാല സിനിമാ നോട്ടീസുകളുടെ അപൂര്‍വ ശേഖരമാണ് പുതുതലമുറയ്ക്ക് കൗതുകമാകുന്നത്. നാട്ടിലൂടെ പോകുന്ന അനൗണ്‍സ്മെന്റ് ജീപ്പിനുപിന്നാലെ ഓടി നോട്ടീസുകള്‍ ശേഖരിച്ച കുട്ടിക്കാലം ബാലകൃഷ്ണന്റെ ഓര്‍മയിലുണ്ട്.
രണ്ടിടങ്ങഴി, കൂടെപ്പിറപ്പ്, മിന്നുന്നതെല്ലാം പൊന്നല്ല, അച്ഛനും മകനും, ഓളവും തീരവും, നിവേദ്യം, സരസ്വതീയാമം, യത്തീം, അടിമകള്‍ ഉടമകള്‍, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി അഞ്ഞൂറിലധികം സിനിമകളുടെ നോട്ടീസുകള്‍ ഇദ്ദേഹത്തിന്റെ സൂക്ഷിപ്പിലുണ്ട്. മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് സിനിമകളുടെ നോട്ടീസും ശേഖരിച്ചിരുന്നു.
മലപ്പുറത്തെ രചന, പെരുമാൾ, ഡിലൈറ്റ്, വണ്ടൂർ ലുബ്ന, നിലമ്പൂർ ജയന്തി, മഞ്ചേരി രാധാകൃഷ്ണ, എടക്കര കലാസാഗർ, കാളികാവ് വിജയകുമാർ തുടങ്ങിയ സിനിമാശാലകളുടെ ഓര്‍മകളും ഈ നോട്ടീസിലുണ്ട്. നോട്ടീസിന്റെ ഒരുപുറത്ത് സിനിമയെക്കുറിച്ചുള്ള സംഗ്രഹമുണ്ടാകും. തിയറ്ററിലെ ക്ലാസ് തിരിച്ചുള്ള ടിക്കറ്റ് നിരക്കും രേഖപ്പെടുത്തും. മഞ്ചേരിയിലെ പല വായനശാലകളും ധനശേഖരണത്തിനായി അന്ന് സിനിമാപ്രദർശനം നടത്തിയിരിന്നു. ഇതിന്റെ പോസ്റ്ററുകളും ശേഖരത്തിലുണ്ട്. സിനിമാപ്രേമിയായിരുന്ന അച്ഛൻ നാടിക്കുട്ടിയാണ് ബാലകൃഷ്ണനെ സിനിമക്കുകൊണ്ടുപോയിരുന്നത്. പിന്നീട് പുല്ലുപറിച്ച് വിറ്റും ചെറിയ ജോലികൾചെയ്തും കാശുണ്ടാക്കി ഒറ്റയ്ക്ക് സിനിമയ്ക്ക് പോയി. കോഴിക്കോടും പാലക്കാടും ചെന്ന് സിനിമ കണ്ടിട്ടുണ്ട്. വെള്ളിയാഴ്ച പടംമാറുന്ന ദിവസംതന്നെ സിനിമകള്‍ കണ്ടിരുന്നെന്നും കാണാന്‍ കഴിയാത്തവര്‍ക്ക് കഥപറഞ്ഞുകൊടുത്തിരുന്നെന്നും ബാലകൃഷ്ണൻ ഓർത്തെടുക്കുന്നു. സിനിമാ നോട്ടീസുകൾ ശേഖരിക്കാന്‍ ഇന്നും ഇദ്ദേഹം യാത്രചെയ്യാറുണ്ട്. പലരും സഹായിക്കാറുമുണ്ട്. ശേഖരത്തിലുള്ള നോട്ടീസുകളുടെ പ്രദർശനം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഭാര്യ ബിന്ദുവും മക്കളായ അതുൽ കൃഷ്ണനും അതുല്യ കൃഷ്ണനും പൂർണപിന്തുണയുമായി ഒപ്പമുണ്ട്.









0 comments