ഷെയർ ട്രേഡിങ് കമ്പനിയിൽ ‘ചേർത്ത്’ 13.60 ലക്ഷം തട്ടിയ 2 പേർ പിടിയിൽ

ആലപ്പുഴ
ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിൽ മാവേലിക്കര സ്വദേശിനിയിൽനിന്ന് 13.60 ലക്ഷം രൂപ തട്ടിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശികളായ കളരിക്കൽ കെ അസീസ്(48), വടക്കുനേത്തിൽ വി എസ് മുഹമ്മദ് ആഷിഖ് (21) എന്നിവരെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്‌തത്. സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി വാട്‌സാപ്പ്, ടെലിഗ്രാം വഴി പണം അയപ്പിച്ച്‌വാങ്ങിയാണ് പ്രതികൾ തട്ടിപ്പുനടത്തിയത്. ഏപ്രിൽമുതൽ റെന്റ് ഹൗസ് എന്ന യുഎസ് കമ്പനിയുടെ പ്രതിനിധിയാണെന്ന മട്ടിൽ വാട്‌സാപ്പുവഴി പരാതിക്കാരിയെ കമ്പനിയിൽ ‘അംഗമാക്കി’ ഷെയർ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു. ടെലിഗ്രാം ഗ്രൂപ്പിന്റെയും വ്യാജ വെബ്‌സൈറ്റിന്റെയും ലിങ്ക് അയച്ചുകൊടുത്ത് രജിസ്റ്റർചെയ്യിച്ചശേഷം ട്രേഡിങ് നിക്ഷേപം എന്ന പേരിൽ തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച്‌വാങ്ങുകയായിരുന്നു. ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ തുക ടാക്‌സ് അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. അയച്ചുവാങ്ങിയ 13.60 ലക്ഷം രൂപയിൽ 9.41 ലക്ഷം രൂപ ബംഗളൂരുവിലെ കെ വർഷിണി എന്നയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായതിൽനിന്ന് 51,900 രൂപ ആഷിഖിന്റെ നിർദേശപ്രകാരം പെരുമ്പാവൂർ സ്വദേശി അസീസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങി. തുടർന്ന് പ്രതിയായ ആഷിഖ് ഈ തുക മാറമ്പിള്ളിയിലെ എടിഎമ്മിൽനിന്ന് പിൻവലിക്കുകയുമായിരുന്നു.









0 comments